മുസ് ലിം ലീഗിന്റെ ബസ് സ്‌റ്റോപ്പ് നിര്‍മാണം സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുസ് ലിം ലീഗിന്റെ ബസ് സ്‌റ്റോപ്പ് നിര്‍മാണം സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താനൂര്‍: ബസ് സ്റ്റോപ്പ് നിര്‍മാണത്തെ ചൊല്ലി സിപിഎം-മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലം കയ്യേറി ബസ് സ്‌റ്റോപ്പ് നിര്‍മ്മിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അടക്കം 13 പേരെയാണ് കല്‍പകഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്.

ചെറിയമുണ്ടം പഞ്ചായത്തിലെ ബംഗ്ലാവ്കുന്ന് ഭാഗത്ത് പുത്തനത്താണി റോഡിലാണ് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബസ് സ്‌റ്റോപ്പ് നിര്‍മ്മിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച രാവിലെയാണ് ബസ് സ്‌റ്റോപ്പ് നിര്‍മ്മാണം ആരംഭിച്ചത്. പൊതുസ്ഥലം കയ്യേറി നിര്‍മ്മാണം നടത്തുന്നുവെന്ന് സിപിഎം പ്രവര്‍ത്തകര്‍ പോലിസില്‍ പരാതി നല്‍കിയതോടെ കല്‍പകഞ്ചേരി എസ്‌ഐ സ്ഥലത്തെത്തി നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ലീഗ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞു.

എന്നാല്‍ ശനിയാഴ്ച വൈകീട്ടോടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് വീണ്ടും നിര്‍മ്മാണം നടത്താന്‍ ശ്രമിച്ചു. സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.

ഞായറാഴ്ച വൈകീട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയതോടൊപ്പം, ബസ് സ്‌റ്റോപ്പ് നിര്‍മ്മിക്കാനും ശ്രമം നടത്തി. പോലിസ് ഇടപെട്ട് തടഞ്ഞതോട പോലിസും, സമരക്കാരും ഉന്തും തള്ളുമായി. സമരക്കാരെ വിരട്ടിയോടിക്കാന്‍ പോലിസ് ലാത്തി വീശി. അനധികൃതമായി ബസ് സ്‌റ്റോപ്പ് നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയവരേയാണ് പോലിസ് അറസ്റ്റ് ചെയ്തത്.