ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് 18 വയസ്സില്ലെങ്കിലും വിവാഹമാകാം: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മുസ്ലിം വ്യക്തി നിയമ പ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ല. ഇത്തരം കേസുകളില്‍ ഭർത്താവിനെതിരെ പോക്സോ കേസ് എടുക്കാനാകില്ലെന്ന് ജസ്റ്റിസ് ജസ്മീത് സിംഗ് വ്യക്തമാക്കി. ഈ വർഷം ആദ്യം ബിഹാറില്‍വെച്ച് വിവാഹിതരായ മുസ്ലിം ദമ്പതികളുടെ ഹരജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് നടന്ന വിവാഹത്തില്‍ പെണ്‍കുട്ടിക്ക് പതിനഞ്ച് വയസായിരുന്നു പ്രായം. വിവാഹത്തിന് ശേഷം പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, പോക്‌സോ നിയമത്തിലെ ആറാം വകുപ്പ് എന്നിവ പ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ പെണ്‍കുട്ടിക്ക് ഭർത്താവിനൊപ്പം കഴിയാന്‍ അവകാശമുണ്ടെന്നും വിവാഹശേഷം ഭർത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിന്‍റെ പേരില്‍ കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.