ഏതു ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല; പ്രിയാ വർഗീസിന്റെ രാഷ്ട്രീയ നിയമത്തിൽ ലജ്ജിക്കുന്നുവെന്നും ഗവർണർ

തിരുവനന്തപുരം: സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ സർവകലാശാലകളിലെ ബന്ധു നിയമന വിഷയത്തിൽ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനം തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏതു ബിൽ പാസാക്കിയാലും അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ലെന്നു ഡൽഹിയിൽനിന്നും തലസ്ഥാനത്ത് മടങ്ങിയെത്തിയ ഗവർണർ മാധ്യമങ്ങളോടു പ്രതികരിച്ചു.

നിയമസഭയ്ക്കു ബിൽ പാസാക്കാനുള്ള അധികാരമുണ്ട്. സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്ന നടപടികളോ വൈസ് ചാൻസലർ ബന്ധുനിയമനം നടത്തുന്ന രീതിയോ അനുവദിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി.

നിയമപരമായും ഭരണഘടനാപരമായും തന്നിൽ അർപ്പിതമായ ജോലിയാണ് നിർവഹിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു നിയമനം നൽകാനുള്ള തീരുമാനം പൊതുജനങ്ങൾ അറിഞ്ഞിട്ടും സർക്കാർ പ്രതിരോധം തീർക്കുകയാണെന്ന് ഗവർണർ പറഞ്ഞു.

പ്രിയാ വർഗീസിന്റെ രാഷ്ട്രീയ നിയമത്തിൽ ചാൻസലർ എന്ന നിലയിൽ ലജ്ജിക്കുന്നു. കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ താനെടുത്ത നടപടി കോടതിയും ശരിവച്ചത് ഗവർണർ ചൂണ്ടിക്കാട്ടി. കണ്ണൂർ സർവകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പ്രിയാ വർഗീസിന്റെ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുമെന്നു പറയുമ്പോൾ, തന്നിൽ അർപ്പിതമായ ചുമതല ശരിയായി നിർവഹിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. മറ്റുള്ള ഭരണഘടനാ സ്ഥാപനങ്ങളിൽ അതൃപ്തിയുണ്ടെന്നല്ല അതിന്റെ അർഥം. നിയമത്തിനു കീഴിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. ഭരണഘടനയും നിയമവും അനുശാസിക്കുന്ന തരത്തിൽ തീരുമാനമെടുക്കും. എങ്ങനെ നടപടിയെടുക്കണമെന്ന് ആർക്കും നിർബന്ധിക്കാനാകില്ല. സർവകലാശാല നിയമനങ്ങൾ യുജിസി ചട്ടങ്ങൾ അനുസരിച്ചാകണം എന്നു സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.”

സർവകലാശാലകളിലെ വീഴ്ചകളേക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. സർവകലാശാലയിലെ ചോദ്യപേപ്പറുകൾ തുടർച്ചയായി ആവർത്തിക്കപ്പെട്ട സംഭവവും ചോദ്യപേപ്പറിന് പകരം ഉത്തരക്കടലാസ് നൽകിയ സംഭവവും ഗവർണർ ചൂണ്ടിക്കാട്ടി. ഏത് സർവകലാശാലയിലാണ് ഒരേ കാലയളവിൽ രണ്ട് പേപ്പറുകൾ ആവർത്തിച്ചു വന്നത്. ചോദ്യപേപ്പറിന് പകരം ഉത്തരക്കടലാസ് വിദ്യാർത്ഥികൾക്ക് നൽകിയത് ഏത് സർവകലാശാലയിലാണ്. സർവകലാശാല ചെയ്ത കുറ്റത്തിന് കുട്ടികൾ എന്തിന് അനുഭവിക്കണം?, ഗവർണർ ചോദിച്ചു.

സർവകലാശാലകളുമായോ കോളജുകളുമായോ ബന്ധമുള്ളവർ സേർച്ച് കമ്മിറ്റിയിൽ പാടില്ല. എന്നാൽ, ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർനാണ് ഇവിടെ സേർച്ച് കമ്മിറ്റി ചെയർമാൻ. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഗൂഢാലോചന നടന്നത് ഡൽഹിയിലാണെന്നു ഗവർണർ പറഞ്ഞു. വൈസ് ചാൻസലറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അദ്ദേഹം ആവർത്തിച്ചു.

അതേ സമയം ഗവർണ്ണറുടെ അധികാരം വെട്ടികുറക്കുന്ന സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. വിസി നിയമനം കൂടുതൽ കുറ്റമറ്റതാക്കാൻ വേണ്ടിയാണു ബിൽ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു. വിസി നിയമനത്തിൽ ഗവർണ്ണർമാർ വഴി ആർഎസ്എസ് നോമിനികളെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ.ടി.ജലീൽ ആരോപിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ ശക്തമായി എതിർപ്പ് ഉന്നയിച്ചു.

ഗവർണ്ണർ സർക്കാർ പോര് മുറുകുന്നതിനിടെ ആണ് സർവ്വകാലാശാലകളിൽ ഗവർണ്ണറുടെ അധികാരം കുറക്കുന്ന ബിൽ സഭയിൽ അവതരിപ്പിച്ചത്. ഗവർണ്ണർമാരെ ആർഎസ്എസ് ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച മുസ്ലിം ലീഗ് എങ്കിലും ബില്ലിനെ പിന്തുണക്കണം എന്ന് കെടി ജലീൽ ആവശ്യപ്പെട്ടു. ഭരണഘടന വിരുദ്ധമായ ബിൽ കോടതിയിൽ നിലനിൽക്കില്ലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ചട്ടപ്രകാരം മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലറെ നിയമിക്കേണ്ടത്. നിലവിൽ ഒരു യുജിസി പ്രതിനിധി, ഒരു ഗവർണറുടെ പ്രതിനിധി, സർക്കാർ പ്രതിനിധി എന്ന രീതിയിലാണ് സെര്ച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സെർച്ച് കമ്മിറ്റിിയൽ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി. അഞ്ച് അംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും അതു വഴി സർക്കാരിനെ താത്പര്യമുള്ളവരെ വൈസ് ചാൻസലർ പദവിയിലേക്ക് കൊണ്ടു വരാനുമാണ് സർക്കാർ പുതിയ ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. കമ്മിറ്റിയിൽ പുതുതായി ചേർക്കുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആകും ഇനി കൺവീനർ അതേസമയം നിയമസഭ ബിൽ പാസ്സാക്കിയാലും ബില്ലിൽ ഗവർണർ ഒപ്പിടാനുള്ള സാധ്യത കുറവാണ്.