എസ്.ഡി.പി.ഐയുടെ ഫിഷറീസ് ഓഫീസ് മാർച്ച് വെള്ളിയാഴ്ച

താനൂർ :മത്സ്യത്തൊഴിലാളികളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 26) താനൂർ ഫിഷറീസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ജില്ലയിലെ ഹാർബറുകൾ കേന്ദ്രീകരിച്ച് സുരക്ഷാ ഉപകരണങ്ങൾ ഒരുക്കുക, മത്സ്യ ബന്ധനത്തിന് ഇന്ധന സബ്സിഡി പുനഃസ്ഥാപിക്കുക, ജില്ലയിലെ കടൽ ഭിത്തി നിർമ്മാണം പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ച്. ഇപ്പോൾ ജില്ലയിലെ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടാൽ കൊച്ചി യിൽനിന്നും ബേപ്പൂരിൽ നിന്നും നാവിക സേനയും സുരക്ഷാ ബോട്ടുകളും എത്തി വേണം രക്ഷാ പ്രവർത്തനം നടത്താൻ. ഇതിൽ വരുന്ന കാലതാമസം കാരണം നിരവധി മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കേന്ദ്രം സബ്സിഡി വെട്ടി ക്കുറച്ചതിനെ തുടർന്ന് മണ്ണെണ്ണയുടെയും ഡീസലിന്റേയും വൻ വിലവർദ്ധനവ് കാരണം കടലിൽ പോകാനാവാത്ത അവസ്ഥയാണുള്ളത്. ജില്ലയിലെ കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ നിരവധി വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും അപ കടത്തിൽപ്പെടുന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞ കുറേ കാലമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മത്സ്യത്തൊഴിലാളികളെ അവഗണിക്കുകയാണ്. ഇവർക്കുവേണ്ടി പ്രത്യേക വികസന പാക്കേജ് തന്നെ പ്രഖ്യാപിക്കണം. ആരോഗ്യ വിദ്യഭ്യാസ മേഖലയിൽ തീര ദേശ ജനതയെ മുന്നോട്ട് നയിക്കാൻ സർക്കാരുകൾ പ്രത്യേക വികസന പദ്ധതികൾ തയ്യാറാക്കണം. പുതിയ സാഹചര്യത്തിൽ മത്സ്യ ബന്ധനം ലാഭകരമല്ലാത്ത അവസ്ഥയിലാണുള്ളത്. മത്സ്യത്തൊഴിലാളികളുടെ യഥാർത്ഥ പ്രശ്നങ്ങൾ സർക്കാരുകൾ അവഗണിക്കുകയാണ്. വോട്ടുബാങ്കിനപ്പുറം തീരദേശ ജനതയെ മുഖ്യധാരാ പാർട്ടികൾ പരിഗണിക്കുന്നില്ലെന്നും എസ്.ഡി.പി.ഐ നേതാക്കൾ കുറ്റപ്പെടുത്തി. താനൂർ ഫിഷറീസ് ഓഫിസിലേക്കുള്ള മാർച്ച് രാവിലെ 9 :30ന് താനൂർ ഹാർബർ പരിസരത്തു നിന്നും ആരംഭിക്കും. സംസ്ഥാന സമിതി അംഗം വി എം ഫൈസൽ ഉൽഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അരീക്കൻ വീരാൻകുട്ടി, മണ്ഡലം പ്രസിഡണ്ടുമാരായ അബ്ദുൽ അസീസ് വള്ളിക്കുന്ന്, ഹമീദ് പരപ്പനങ്ങാടി, സദഖത്തുല്ല താനൂർ, താനൂർ മുനിസിപ്പൽ പ്രസിഡന്റ് ഇ കെ ഫൈസൽ എന്നിവർ പങ്കെടുത്തു.