സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്നു; ഇത് ജീവിതത്തെ ബാധിക്കുമെന്ന് എംകെ മുനീർ
കോഴിക്കോട്: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എംകെ മുനീർ. മാദ്ധ്യമങ്ങൾ തന്നെ സ്വവർഗാനുരാഗിയായി ചിത്രീകരിച്ചുവെന്നും ഇതിനെ ശക്തമായി എതിർക്കുന്നുവെന്നും മുനീർ പറഞ്ഞു. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നുണ്ടെന്ന് മുൻ മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്വവർഗരതി ആസ്വദിക്കുന്ന ഒരാളായി തന്നെ മാദ്ധ്യമങ്ങൾ ചിത്രീകരിച്ചു. ട്രോളുകളിൽ തന്നെ ഹോമോ സെക്ഷ്വൽ ആയി ചിത്രീകരിക്കുന്നുണ്ട്. മാദ്ധ്യമങ്ങൾ ഉയർത്തുന്ന ആശയം മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. പറഞ്ഞതിന് വിപരീതമാണ് വാർത്തയായി വരുന്നത് എന്നും ഇത് ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും എംകെ മുനീർ പറഞ്ഞു.
താൻ മന്ത്രി ആയിരിക്കെയാണ് പോക്‌സോ നിയമം നടപ്പാക്കാൻ മുൻകൈ എടുത്തത്. ചൈൽഡ് റൈറ്റ്‌സ് കമ്മീഷൻ ആദ്യമായി നടപ്പാക്കിയതും അന്നാണ്. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്ത ആളാണ് താനെന്നും മുനീർ പറഞ്ഞു. കേരളത്തിൽ പോക്‌സോ കേസുകളുടെ എണ്ണം കൂടി വരുന്നു. പക്ഷേ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. ഇക്കാര്യമാണ് കോഴിക്കോട്ടെ പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ ഇതിനെ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മുനീർ പറഞ്ഞു.
ലിംഗ സമത്വത്തിൽ സർക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്നും എം കെ മുനീർ പറഞ്ഞു. ചിലവാക്കുകൾ മാറ്റിയത് കൊണ്ട് മാത്രം അടിസ്ഥാന പ്രശ്‌നം പരിഹരിക്കില്ല. അതിനാൽ കൂടുതൽ ചർച്ചകളും മാറ്റങ്ങളും ആവശ്യമാണ്. വെസ്റ്റേൺ സൊസൈറ്റിയിലേക്ക് പുരോഗമനം ഇൻട്രൊഡ്യൂസ് ചെയ്യുന്നത്‌പോലെ കേരളത്തിൽ ചെയ്യാൻ പറ്റില്ല.
ലോകത്ത് പലയിടത്തും സ്വവർഗരതി അംഗീകരിക്കപ്പെട്ടു. പ്രായപരിധി ഇല്ലാതെ ഇത് ഭാവിയിൽ അംഗീകരിക്കപ്പെടും. ഇതോടെ കുട്ടികൾക്ക് എതിരെയുള്ള ലൈംഗികത തടയാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കും. കുടുംബ സങ്കൽപ്പങ്ങൾക്കും ഇത് ഭീഷണിയായി മാറുമെന്നും എം കെ മുനീർ വ്യക്തമാക്കി.