പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും, വഴങ്ങിയില്ലെങ്കിൽ ഭീഷണി, താനൂരിൽ കട ഉടമ കൂടി അറസ്റ്റിൽ


മലപ്പുറം: കടയിലേക്ക് സാധനം വാങ്ങാനെത്തുന്ന പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും. വഴങ്ങിയില്ലെങ്കിൽ ഭീഷണി. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് പ്രായം 50കഴിഞ്ഞവർ നാട്ടിൻപുറത്തെ കച്ചവടക്കാർ. താനൂരിൽ ഒരു കടയുടമകൂടി അറസ്റ്റിൽ. ചൂഷണത്തിന് ഇരയാകുന്നവർ നിരവധിയാണെങ്കിലും പരാതി നൽകാൻ തെയ്യാറാകുന്നില്ലെന്നും പോലീസ്. അടുത്തിടെ സമാനമായ നിരവധികേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താനൂരിൽ മാത്രം രണ്ടാമാത്തെ കേസാണ് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തത്.
​കട ഉടമ അറസ്റ്റിൽ .


താനൂരിൽ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ കുട്ടിയോട് അപമര്യാദയായി പെരുമാറിയ കട ഉടമയുടെ പേരിൽ പോലീസ് കേസെടുത്തു. താനൂർ പരിയാപുരം സ്വദേശി ഉസ്മാൻ (50) എന്നയാളുടെ പേരിലാണ് പോക്‌സോ പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. 10 വയസ്സുള്ള പെൺകുട്ടിയെ ഇയാളുടെ കടയിൽ വെച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതോടെ പെൺകുട്ടി വീട്ടിൽ അറിയിച്ചു. രക്ഷിതാക്കൾ താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് തിരൂർ സബ്ബ് ജയിലിലേക്കയച്ചു.

​’അസുഖം’ പ്രായമായവർക്ക്
ഇത്തരത്തിൽ സമാനമായി മേഖലയിൽ വ്യാപകമായി കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന പ്രായപൂർത്തിയാകാത്ത ചെറിയ പെൺകുട്ടികളെ മധ്യവയസ്‌കരും വൃദ്ധരുമായി കച്ചവടക്കാൻ മിഠായികൊടുത്ത് വശത്താക്കി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടിലങ്ങാടിയിലെ കച്ചവടക്കാരൻ ഇത്തരത്തിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പിടിയിലായിരുന്നു. മിഠായിയും മറ്റും നൽകി പ്രലോഭിപ്പിച്ചാണ് ഇത്തരത്തിൽ പെൺകുട്ടികളെ കടക്കാർ ലൈംഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.

​സൂക്ഷിക്കണമെന്ന് രക്ഷിതാക്കൾ
നാട്ടിൻപുറ പ്രദേശമായതിനാൽ തിരക്കില്ലാത്ത സമയത്ത് പെൺകുട്ടി തനിച്ചു വരുമ്പോഴാണ് കടയുടെ അകത്തേക്കു വിളിച്ചുകയറ്റി ഇത്തരത്തിൽ ലൈംഗിക കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും പോലീസ് പറഞ്ഞു. കുട്ടികൾക്ക് മിഠായിയും മറ്റും ദിവസേന ഇത്തരം കച്ചവടക്കാർ സൗജന്യമായി നൽകുകയാണെന്നും പിന്നീട് ആളില്ലാത്ത സമയം നോക്കികുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ‌‌‌‌ഇത്തരത്തിലുള്ള സംഭവം നാട്ടിൽ പതിവാകുന്നതിനാൽ രക്ഷിതാക്കൾ കരുതിയിരിക്കണമെന്നും പോലീസ് പറഞ്ഞു.