കെെക്കൂലി വാങ്ങിയ കെ എസ് ഇ ബി എൻജിനീയറെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി, ഓട്ടത്തിനിടെ പണം വിഴുങ്ങി
കണ്ണൂര്‍: പോസ്റ്റ് മാറ്റിസ്ഥാപിക്കാനായി കെെക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി സബ് എന്‍ജിനിയറെ വിജിലൻസ് സംഘം പിടികൂടി. കെ.എസ്.ഇ.ബി അഴീക്കോട് സെക്ഷനിലെ സബ് എന്‍ജിനിയര്‍ ജിയോ എം ജോസഫ് (37) ആണ് പിടിയിലായത്.
പൂതപ്പാറ സ്വദേശി അബ്ദുള്‍ ഷുക്കൂറിന്റെ പരാതിയിന്മേലാണ് വിജിലൻസ് എത്തിയത്. ആയിരം രൂപയാണ് പരാതിക്കാരനിൽ നിന്ന് ഇയാൾ വാങ്ങിയത്. പരാതിക്കാരന്റെ വീടിനോട് ചേര്‍ന്നുള്ള പോസ്റ്റ് കാര്‍ ഷെഡ് നിര്‍മിക്കാന്‍ തടസമായിരുന്നു. ഇത് മാറ്റിസ്ഥാപിക്കാനാണ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടത്.
പോസ്റ്റ് മാറ്റിയിടുന്നതിനായി 5550 രൂപ അടച്ചിട്ടും കാര്യം നടന്നില്ല. 1000 രൂപ തന്നാല്‍ ശരിയാക്കിത്തരാമെന്ന് ഉദ്യോഗസ്ഥൻ പറയുകയായിരുന്നു. പരാതിക്കാരൻ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. എറണാകുളം സ്വദേശിയായ ഉദ്യോഗസ്ഥന് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടിയ ദിവസമായിരുന്നു അറസ്റ്റ്.
വീട്ടിലെത്തി പണം വാങ്ങി മടങ്ങുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥനെ വളയുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്നാലെ ഓടിയാണ് വിജിലന്‍സ് പിടികൂടിയത്. ഓട്ടത്തിനിടയില്‍ ഉദ്യോഗസ്ഥൻ പണം വിഴുങ്ങിയതായി സംശയിക്കുന്നു.
നോട്ടില്‍ ഫിനാഫ്തലിന്‍ പുരട്ടിയിരുന്നതിനാല്‍ ഇയാളുടെ കൈയില്‍ ചുവപ്പ് നിറം പടര്‍ന്നിരുന്നു. കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് സബ് എന്‍ജിനിയറെ പിടികൂടിയത്.