നമ്പര്‍ സ്പൂഫ് ചെയ്ത് ഗള്‍ഫില്‍നിന്ന് ഫോണ്‍വിളിച്ച് അസഭ്യംപറയല്‍; യുവാവ് അറസ്റ്റില്‍
കല്പറ്റ: ജനപ്രതിനിധികൾ, കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദംകുളം മരത്തൻക്കോട് സ്വദേശി ഹബീബ് റഹ്‌മാൻ (29) ആണ് പിടിയിലായത്. നമ്പർ സ്പൂഫ് ചെയ്താണ് ഇയാൾ ഫോൺവിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്. സൗദി അറേബ്യയിൽനിന്നാണ് ഇയാൾ വിളിച്ചിരുന്നത്.

സാമൂഹികമാധ്യമങ്ങളിൽ ‘മാർലി’ എന്നാണ് ഇയാളുടെ പേര്. വ്യാജനമ്പറുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി സമൂഹവിരുദ്ധപ്രവർത്തനങ്ങൾ പ്രചരിപ്പിക്കും. പരസ്പരം പോർവിളികളും തെറിവിളികളും നടത്തുന്ന ഗ്രൂപ്പുകളിൽനിന്ന് തനിക്കും തന്റെ സുഹൃത്തുക്കൾക്കുമെതിരേ പോർവിളികൾ നടത്തുന്നവരുടെ നമ്പർ, പ്രത്യേക കോൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് ഈ നമ്പർ ഉപയോഗിച്ച് രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഹബീബ് റഹ്‌മാനാണ് വിളിക്കുന്നതെങ്കിലും ഫോണെടുക്കുന്നവർക്ക് മറ്റുള്ളവരുടെ നമ്പറുകളാണ് കാണാൻ സാധിക്കുക. ഇങ്ങനെ ഫോൺ വിളിച്ചതിന്റെ കോൾ റെക്കോഡ് എതിരാളികൾക്ക് അയച്ചുകൊടുത്ത് ഇയാൾ അവരെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
നാലുമാസത്തോളം പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് വയനാട് സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. നാട്ടിലെത്തിയ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ ഇന്ത്യൻ നമ്പർ ഒന്നുംതന്നെ ഉപയോഗിച്ചിരുന്നില്ല. നിലവിൽ ഇയാളുടെപേരിൽ കാസർകോട്, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽ സമാന കേസുകളുണ്ട്. മറ്റു ജില്ലകളിൽ കേസുകളുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വ്യാജ വാട്സാപ്പ് നമ്പറുകൾ ഉപയോഗിച്ച് വിദ്യാർഥികളും മുതിർന്നവരും ഇത്തരം ഗ്രൂപ്പുകളിൽ വ്യാപകമായി അംഗമാക്കുന്നതുൾപ്പെടെ നിരിക്ഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. സൈബർ പോലീസിന് തന്നെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന് പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
എസ്.സി.പി.ഒ.മാരായ പി.എ. അബ്ദുൾ ഷുക്കൂർ, എ.ടി. ബിജിത്ത് ലാൽ, സി.പി.ഒ.മാരായ വി.എച്ച്. മുഹമ്മദ് സക്കറിയ, സി.ജി. രഞ്ജിത്ത്, പി.പി. പ്രവീൺ, സി.ജെ. കിരൺ, പി.ജെ. ജിനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.