ഫോട്ടോ എടുക്കുന്നതിനിടെ തെന്നി ചാലിയാറിൽ വീണ വിദ്യാർത്ഥിയുടെ മൃതദേഹം മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.


മലപ്പുറം: ഉപ്പട ഗ്രാമം കടവിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12. 45 നാണ് ഉപ്പട സ്വദേശി കേളമ്പാടി അനീഷിന്റെ മകൻ മുഹമ്മദ് റാഷിദ് (16) ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായത്. കൂട്ടുകാരോടൊത്ത് പുഴയിൽ കുളിച്ച ശേഷം പാറയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിൽ റാഷിദ് തെന്നി പുഴയിൽ വീഴുകയായിരുന്നു. ഒടുക്കിൽപ്പെട്ട റാഷിദിനെ രക്ഷപ്പെടുത്തുന്നതിനായി കൂട്ടുകാർ നടത്തിയശ്രമം വിഫലമാകുകയും, തുടർന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഫയർ ഫോഴ്സും എമർജൻസി റെസ്ക്യൂ ഫോഴ്സും നാട്ടുകാരോടൊപ്പം ബോട്ടും രക്ഷാ ഉപകരണങ്ങളുമായി തിങ്കളാഴ്ച ഉച്ച മുതൽ ആരംഭിച്ച ദീർഘമായ തിരച്ചിലിനൊടുവിൽ ബുധനാഴ്ച മൃതദേഹം കണ്ടെത്തി.

അഗ്നി രക്ഷാ സേനയുടെ നിലമ്പൂർ മലപ്പുറം യൂണിറ്റുകളും എമർജൻസി റെസ്ക്യു ഫോഴ്സിന്റെ നിലമ്പൂർ, എടവണ്ണ, വഴിക്കടവ് യൂണിറ്റുകളും, സിവിൽ ഡിഫൻസ് അംഗങ്ങൾ, ഭഗത് സിങ് യൂത്ത് ഫോഴ്സ്, എ.ഐ.വൈ.എഫ്., ഡി.വൈ.എഫ്.ഐ., പി.എഫ്.ഐ., ഐ.ആർ.ഡബ്ല്യു. തുടങ്ങിയ സംഘടകളും നാട്ടുകാരും സജീവമായി തിരച്ചിലിൽ പങ്കെടുത്തു.

വിവിധ രക്ഷാ സംഘങ്ങളായി ചെവ്വാഴ്ച ഉപ്പട മുതൽ ചാലിയാർ മുക്കുവരെ കിലോമീറ്ററുകൾ താണ്ടി പുഴയിലൂടെ തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ വീണ്ടും വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഴയുടെ താഴത്തേക്ക് നടത്തിയ തിരച്ചിലിൽ, കാണാതായ സ്ഥലത്തു നിന്നും ഏകദേശം രണ്ടു കിലോമീറ്റർ താഴത്തു പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.