നായ ചത്തുകിടന്ന വാർഡിനെ ചൊല്ലി തർക്കം; കുഴിച്ചിട്ടാൽ കൊടുക്കേണ്ട പ്രതിഫലം കയ്യിൽ നിന്ന് കൊടുക്കാൻ ഒരു മെമ്പറും തയാറായില്ല
നായ ചത്തുകിടന്ന വാർഡിനെ ചൊല്ലി തർക്കം; കുഴിച്ചിട്ടാൽ കൊടുക്കേണ്ട പ്രതിഫലം കയ്യിൽ നിന്ന് ക കൊടുക്കാൻ ഒരു മെമ്പറും തയാറായില്ല
മലപ്പുറം: തെരുവുനായ, അത് ജീവനുള്ളതായാലും ഇല്ലാത്തതായാലും എല്ലാം ഇപ്പോൾ നാട്ടുകാർക്ക് തലവേദനയാണ്. മലപ്പുറം ഏറനാട്ടിലെ ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണയിൽ ചത്ത തെരുവ് നായയെ കുഴിച്ചിടുന്നതിൽ ഉണ്ടായ തർക്കം ജില്ലാ കളക്ടറേറ്റിൽ വരെ ചെന്നെത്തി.
ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ അങ്ങാടിയിൽ ചൊവ്വാഴ്ച രാവിലെ ആണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടത്. തെരുവ് നായയെ കുഴിച്ചിടാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളിൽ ചിലർ രണ്ടാം വാർഡ് അംഗത്തെ വിളിച്ചപ്പോൾ പറഞ്ഞ മറുപടി, നായ ചത്തത് മൂന്നാം വാർഡിലാണെന്ന്. മൂന്നാം വാർഡ് അംഗമാകട്ടെ വിളിച്ചിട്ട് സ്ഥലത്തും എത്തിയില്ല. തെരുവ് നായയെ കുഴിച്ചിടുന്നയാൾക്ക് 400 രൂപ പാരിതോഷികം എന്ന മറുപടി ആണ് പിന്നീട് ജനപ്രതിനിധികൾ നൽകിയത്. അതിന് ആധാർ കാർഡ് കോപ്പി ഉൾപ്പെടെ നൽകണം, പണം കിട്ടാൻ ഒരു മാസം സമയവും എടുക്കും.. ഇതോടെ തെരുവ് നായയെ കുഴിച്ചിടാൻ ആളെ കിട്ടാതെ ആയി.
ഇടിവണ്ണ അങ്ങാടിയുടെ ഒരു ഭാഗം രണ്ടാം വാർഡും, ഒരു ഭാഗം മൂന്നാം വാർഡുമാണ്. ഒരു മെംബർ യുഡിഎഫും, ഒരു മെംബർ എൽഡിഎഫുമായതിനാൽ ആ വഴിക്കും തർക്കം നീണ്ടു. ഒടുവിൽ സഹികെട്ട് നാട്ടുകാർ ജില്ലാ കളക്ടറുടെ സഹായം തേടി. കളക്ടർ പഞ്ചായത്ത് അധികൃതരോട് വിശദീകരണം തേടിയതോടെ പിന്നെ എല്ലാം മിന്നൽ വേഗത്തിൽ നടന്നു.
അടിയന്തരമായി നായയെ കുഴിച്ചിടാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കളക്ടർ ആവശ്യപ്പെട്ടു. കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്തിൽ നിന്നും ജീവനക്കാർ എത്തിയെങ്കിലും സെക്രട്ടറി വരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. അതോടെ വീണ്ടും കളക്ടർക്ക് ഫോൺ വിളിച്ചു നാട്ടുകാർ. കളക്ടർ കർശന നിർദേശം നൽകിയതോടെ കാര്യങ്ങളെല്ലാം തീരുമാനമായി. നാട്ടിലെ തന്നെ ഒരാള് നായയെ കുഴിച്ചിടാൻ തയ്യാറായി. പഞ്ചായത്ത് ജീവനക്കാർ അയാൾക്ക് കുഴിച്ചിടാൻ 500 രൂപയും കയ്യോടെ നൽകി.
നായയെ കുഴിച്ചിട്ടാൽ ആധാർ കാർഡ് സഹിതം അപേക്ഷ നൽകിയാൽ ഒരു മാസത്തിന് ശേഷം 400 രൂപ ലഭിക്കുമെന്ന് പറഞ്ഞ ജനപ്രതിനിധികൾ ആണ് ഇവിടെ ഇളിഭ്യരായത്. ജനങ്ങൾ എപ്പോഴും സഞ്ചരിക്കുന്ന അങ്ങാടിയിലായിരുന്നു തെരുവ് നായ ചത്ത് കിടന്നത്. മണിക്കൂറുകളോളം നീണ്ടു നിന്ന തർക്കത്തിനാണ് വൈകുന്നേരം 4 മണിയോടെ പരിഹാരമായത്. ജനപ്രതിനിധികളോ പഞ്ചായത്ത് അധികൃതരോ ജനങ്ങൾ വിളിച്ചിട്ടും തിരിഞ്ഞ് നോക്കാതിരുന്നതാണ് പ്രശ്നം സങ്കീർണ്ണമാക്കിയത്.
400 രൂപ ഏതെങ്കിലും ഒരു മെമ്പർ കയ്യിൽ നിന്ന് എടുത്ത് കൊടുത്തിരുന്നെകിൽ പ്രശ്നം അപ്പൊൾ തന്നെ പരിഹരിക്കപ്പെട്ടേനെ. ചത്ത നായയെ കുഴിച്ചിടാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ജീവനുള്ള തെരുവ് നായ്ക്കളെ പിടിക്കാൻ എന്തെല്ലാം ചെയ്യേണ്ടി വരും എന്ന് ആശങ്കയിലാണ് ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ ഗ്രാമവാസികൾ.