അന്യായമായ കെട്ടിട നികുതി വര്‍ദ്ധനവ് ബഹിഷ്‌ക്കരിക്കും;കെട്ടിട ഉടമകള്‍
മലപ്പുറം: അന്യായമായ കെട്ടിട നികുതി വര്‍ദ്ധനവ് ബഹിഷ്‌ക്കരിക്കുമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭൂമിയുടെ ന്യായവിലക്ക് അനുപാതമായി കെട്ടിട നികുതി വര്‍ഷംതോറും 5 ശതമാനം വീതം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. തീരുമാനം നടപ്പിലായാല്‍ നിലവിലെ നികുതി 5 വര്‍ഷം കഴിയുമ്പോള്‍ 50 ശതമാനവും 10 വര്‍ഷം കഴിയുമ്പോള്‍ ഇരട്ടിയായും വര്‍ദ്ധിക്കും. വര്‍ദ്ധനവിന് ആനുപാതിക വരുമാന ഈ മേഖലയില്‍ നിന്ന് ലഭിക്കുകയില്ല. ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് കെട്ടിട മുറികള്‍ ഒഴിഞ്ഞ് കിടക്കുകയുമാണ്. അന്യായയമായ ഈ നികുതി വര്‍ദ്ധവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമകള്‍ നിരവധി സമരം നടത്തിയെങ്കിലും സര്‍ക്കാര്‍ മുഖം തിരിക്കുകയാണുണ്ടതെന്ന് അവര്‍ ആരോപിച്ചു. ഭൂമിയുടെ ന്യായവിലക്ക് അനുപാതമായി കെട്ടിടനികുതി നിശ്ചയിക്കുന്നത് നഗരങ്ങളിലെ കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് കെട്ടിട ഉമകളും വ്യാപാരികളും ഗ്രാമപ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
3000 ചതുരശ്ര അടിയുള്ള വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും 15 ശതമാനം വര്‍ദ്ധനവും ആഡംബര നികുതിയുടെ മൂന്നിരട്ടി വര്‍ദ്ധനവും ചുമത്താനുള്ള നീക്കം പിന്‍വലിക്കുക. 15 വര്‍ഷം പഴക്കമുള്ള പഴയ കെട്ടിടങ്ങള്‍ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കുക, ലേബര്‍ സെസ്സ് നികുതിയുടെ അനിയന്ത്രിത വര്‍ദ്ധനവ് ഉപേക്ഷിക്കുക. കോവിഡ് കാലത്ത് തങ്ങളുടെതല്ലാത്ത കാരണത്താല്‍ ജപ്തി നടപടി നേരിടുന്ന കെട്ടിട ഉടമകള്‍ക്ക് പൂര്‍ണ്ണ പലിശയിളവും ഗഡുക്കളായി അടക്കാനുള്ള സൗകര്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാറിന്റെ മുന്നില്‍ സമര്‍പ്പിച്ച് അനുകൂല തീരുമാനത്തിനായി കാത്ത് നില്‍ക്കുകയാണ് അസോസിയേഷന്‍.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി, ജനറല്‍ സെക്രട്ടറി ജി നടരാജന്‍ പാലക്കാട്, വര്‍ക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ പി.എം.ഫാറൂഖ് ഹാജി കാസര്‍കോഡ്, പി.കെ.ഫൈസല്‍ കോഴിക്കോട്, സെക്രട്ടറി ചങ്ങരംകുളം മൊയ്തുണ്ണി, ജില്ലാ സെക്രട്ടറി മുഹമ്മദ് യൂനുസ് പെരിന്തല്‍മണ്ണ, വൈസ് പ്രസിഡന്റ് കെ ആലിക്കോയ ഹാജി എന്നിവര്‍ സംബന്ധിച്ചു.