ഇരുപത് ലക്ഷത്തോളം രൂപയുടെ കുഴല്‍പണം പിടികൂടി

കല്‍പ്പറ്റ: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഇരുപത് ലക്ഷത്തോളം രൂപയുടെ കുഴല്‍പണം പിടികൂടി. വയനാട് El&lB പാര്‍ട്ടി, മാനന്തവാടി സര്‍ക്കിള്‍ പാര്‍ട്ടി, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് പാര്‍ട്ടി എന്നിവര്‍ സംയുക്തമായി നടത്തിയ രാത്രികാല വാഹന പരിശോധനക്കിടെയാണ് കുഴല്‍പ്പണം പിടിയിലായത്. കെ.എസ്.ആര്‍.ടി.സി സിഫ്റ്റ് ബസില്‍ യാത്രചെയ്യുകയായിരുന്ന കോഴിക്കോട് കിഴക്കോത്ത് ആവിലോറ സ്വദേശി പുത്തന്‍പീടികയില്‍ വീട്ടില്‍ അസൈനാര്‍.പി.പി(48) യെയാണ് പിടിയിലായത്. ഇയാളില്‍ നിന്നും 19,95,000 രൂപയാണ് പിടിച്ചെടുത്തത്. പ്രതിയെ തുടര്‍നടപടികള്‍ക്കായി പൊലിസിന് കൈമാറും.

വയനാട് എക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എം.കെ സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ്.വി ,അനില്‍കുമാര്‍ , ജിനോഷ് പി.ആര്‍,ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിപു, സാലിം , വിപിന്‍കുമാര്‍ , അര്‍ജുന്‍, ധന്വന്ദ് എക്‌സൈസ് ഡ്രൈവര്‍ വീരാന്‍കോയ എന്നിവര്‍ പങ്കെടുത്തു.