ശ്രീനിവാസൻ കൊലക്കേസ്: ഗൂഡാലോചനയിൽ പങ്കെടുത്ത മലപ്പുറം സ്വദേശി അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. കേസിലെ 38 മത്തെ പ്രതിയാണ് ഇയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനു മുമ്പ് നടന്ന ഗൂഢാലോചനയിൽ സിറാജുദ്ദീനും പങ്കെടുത്തിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഗൂഢാലോചന നടന്നത്. സിറാജുദീനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.
ഇയാൾ കൂടുതൽ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിവിധ കൊലക്കേസുകളിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും ഒളിത്താവളം ഒരുക്കി. കൈവെട്ട് കേസ്, സഞ്ജിത് കൊലക്കേസ് പ്രതികളെയും സിറാജുദ്ദീൻ സഹായിച്ചതായി പൊലീസ് കണ്ടെത്തി
സിറാജുദ്ദീനിൽ നിന്നും പിടിച്ചെടുത്ത പെൻഡ്രൈവിൽ പാലക്കാട് ആർഎസ്എസ് നേതാവ് സഞ്ജിതിനെ വെട്ടിയതിന് ശേഷമുള്ള ദൃശ്യങ്ങളും കണ്ടെത്തി.
എലപ്പുള്ളിയിൽ പോപ്പുലർഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വർഷം ഏപ്രിൽ 16ന് ആർ എസ് എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊന്നത്.
ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിതിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു സുബൈർ വധം. ആർഎസ്എസ് പ്രവർത്തകരായ രമേഷ്, അറുമുഖൻ, ശരവണൻ, മനു, വിഷ്ണുപ്രസാദ്, ശ്രുബിൻ ലാൽ, ആർ ജിനീഷ്, ജി. ഗിരീഷ്, S സുചിത്രൻ എന്നിവരാണ് പ്രതികൾ. ഏപ്രിൽ 15ന് പള്ളിയിൽ നിന്നും മടങ്ങുമ്പോൾ രണ്ടു കാറിലെത്തിയ അക്രമികൾ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സുബൈർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്. 24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം.
കേസിൽ ഒളിവിൽ കഴിയുന്ന ഒൻപത് എസ്‍ഡിപിഐ-പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പട്ടാമ്പി സ്വദേശികളായ അഷറഫ്, അബ്ദുൾ റഷീദ്, മുഹമ്മദ് ഹക്കിം, സഹീർ, തൃത്താല സ്വദേശി അൻസാർ, പാലക്കാട് സ്വദേശികളായ ജംഷീർ, കാജാ ഹുസൈൻ, നൗഷാദ്, ബഷീർ എന്നിവർക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.