പന്ത്രണ്ടുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ചു; ഡോക്ടറും ഭാര്യയും അറസ്റ്റില്‍
പന്തീരാങ്കാവ്: വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ചതിന് ഡല്‍ഹി സ്വദേശികളായ ഡോക്ടറെയും ഭാര്യയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പാലാഴിയിലെ മെട്രാ ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഗുരുതരമായി മുറിവേല്‍പ്പിക്കല്‍, തടങ്കലില്‍വെക്കല്‍, കുട്ടിക്കടത്ത് എന്നിവയ്ക്കാണ് കേസെടുത്തത്.
ഡോക്ടര്‍ വീട്ടിലില്ലാത്തസമയത്ത് ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉള്‍പ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പോലീസിനും നല്‍കിയ മൊഴിയില്‍ പറയുന്നു. കുട്ടിയുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റതിന്റെയും മുറിവേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഫ്‌ലാറ്റില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്. അമ്മ മരിച്ചുപോയ പെണ്‍കുട്ടി ബിഹാര്‍ സ്വദേശിനിയാണ്.
നാലുവര്‍ഷമായി കോഴിക്കോട്ട് താമസിച്ചുവരുന്ന ഡോക്ടറുടെ ഫ്ലാറ്റിൽ കഴിഞ്ഞ മേയ് മാസത്തിലാണ് പെണ്‍കുട്ടിയെ വീട്ടുവേലയ്ക്കായി കൊണ്ടുവരുന്നത്.