എസ്ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച തട്ടിപ്പുവീരൻ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ
മലപ്പുറം: എസ്ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച തട്ടിപ്പുവീരൻ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. കുറ്റിപ്പുറം പൊലീസിന്റെ ക്വാർട്ടേഴ്സ് പരിശോധനക്കിടയിലാണ് പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പറത്തോടത്ത് വീട്ടിൽ സൈതലവി(44) വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്. ഐ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ വിവാഹം കഴിച്ചത്. ശേഷം ഇവരുമൊത്ത് ഒരു മാസത്തിലധികമായി കുറ്റിപ്പുറം ചെമ്പിക്കലിലെ ഒരു ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു.
ബുധനാഴ്ച വൈകിട്ട് പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ഇയാൾ എസ്ഐ യുടെ യൂണിഫോമാണ് ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസിൽ ആണെന്ന് ഇയാൾ ആദ്യം പറഞ്ഞു. തുടർന്ന് സിഐ ഉൾപെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ് ഇയാളെന്ന് മനസിലായത്. ഇയാളിൽ നിന്നും നിരവധി എ.ടി.എം കാർഡുകളും സിം കാർഡുകളും പൊലീസ് കണ്ടെടുത്തു.
കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ 2017 ൽ നടന്ന ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ടെന്ന് കൂടുതൽ അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. തുടർന്നു കൊണ്ടോട്ടി പൊലീസെത്തി ഇയാളെ തുടർ അന്വേഷണങ്ങൾക്കായി കൊണ്ടുപോയി. സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലും പ്രതിക്കെതിരെയുള്ളതായി പൊലീസ് പറഞ്ഞു. മറ്റു സ്റ്റേഷനുകളിൽ ഉള്ള കേസുകളെക്കുറിച്ച് വിവരം ശേഖരിച്ചു വരികയാണ്.
പ്രതിയെ പിടികൂടിയ വിവരം അറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളിൽ നിന്ന് സമാന രീതിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കുറ്റിപ്പുറം പൊലീസിനെ ബന്ധപ്പെട്ടിരുന്നതായും ഇയാൾക്ക് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് മൊഴി നൽകിയതായും കുറ്റിപ്പുറം പൊലീസ് പറഞ്ഞു. കുറ്റിപ്പുറം എസ്ഐ ഷെമീൽ, എസ്പി.പി.ഒമാരായ ജയപ്രകാശ് രാജേഷ് സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പ് വീരനെ വലയിലാക്കിയത്. അറസ്റ്റിലായ സമയത്ത് പ്രതി ആദ്യം തെറ്റായ മേൽവിലാസമാണ് നൽകിയിരുന്നത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് വ്യക്തത വന്നത്.