പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ തുടരുന്നു; പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്
തിരുവനന്തപുരം : ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം . കെ എസ് ആര്‍ ടി സി വാഹനങ്ങളടക്കമുള്ള വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു.

ആലപ്പുഴയിലും കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. കോഴിക്കോട്ട് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഒരു ലോറിക്കും നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
അക്രമത്തെ തുടര്‍ന്ന് കോഴിക്കോട് കെ എസ് ആര്‍ ടി സി സര്‍വീസ് തല്‍ക്കാലം നിര്‍ത്തിവെച്ചു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. . രാവിലെ ആറിന് തുടങ്ങി വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും കഴിഞ്ഞ ദിവസം നടന്ന എന്‍ ഐ എ റെയ്ഡില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ ഹര്‍ത്താല്‍ . 150ലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.