ജില്ലയിൽ 120 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിൽ; പൊന്നാനിയിലും പെരിന്തൽമണ്ണയിലും ബസുകൾ തകർത്തു

മലപ്പുറം: ജില്ലയിൽ ഹർത്താലിന് അക്രമം നടത്താൻ തുനിഞ്ഞ 120 ലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന്റെ കരുതൽ തടങ്കലിൽ. മലപ്പുറം, കരുവാരക്കുണ്ട്, മഞ്ചേരി, കോട്ടക്കൽ, തിരൂർ, താനൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ മലപ്പുറം ജില്ലയിൽ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിയില്ല. ജില്ലയിലെ ഡിപ്പോകളിൽ നിന്നും കെ എസ് ആർടിസി ബസുകളും സർവീസ് നടത്തിയില്ല. നിരത്തിൽ ഇറങ്ങിയ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും പലയിടത്തും ഹർത്താൽ അനുകൂലികൾ തടയാൻ ശ്രമിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.

അതിനിടെ പൊന്നാനിയിലും പെരിന്തൽമണ്ണയിലും കെ എസ് ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. പൊന്നാനിയിൽ ബസിനു നേരെ കല്ലെറിഞ്ഞ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് എതിരെ പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ട് പ്രകാരവും വധശ്രമത്തിനും ആണ് കേസ് എടുത്തിട്ടുള്ളത്. തേഞ്ഞിപ്പലം ദേശീയ പാതയിൽ ലോറിക്ക് നേരെ കല്ലേറ് നടത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഇവർക്ക് എതിരെയും വധശ്രമത്തിന് ആണ് കേസ് എടുത്തിട്ടുള്ളത്. മഞ്ചേരിയിൽ പെട്രോൾ പമ്പ് അടപ്പിക്കാൻ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.