കരിപ്പൂരിൽ സൈക്കിളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 25 കാരൻ പിടിയിൽ
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കോഴിക്കോട് എടക്കുളം സ്വദേശി അബ്ദുൾ ഷരീഫ് ആണ് പിടിയിലായത്. സൈക്കിളിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്. സൈക്കിളിന്റെ സീറ്റിനടിയിലെ ലോഹഭാഗം സ്വർണം കൊണ്ട് നിർമ്മിച്ചായിരുന്നു കടത്താൻ ശ്രമം. 1037 ഗ്രാം സ്വർണമാണ് ഷരീഫിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത്.

സുരക്ഷാ പരിശോധനയ്‌ക്കിടെയാണ് ഷരീഫ് കസ്റ്റംസിന്റെ പിടിയിലായത്. സൈക്കിൾ വിശദമായി പരിശോധിച്ചപ്പോൾ സീറ്റിനടിയിലായി സ്വർണം കാണുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണം കടത്താൻ ശ്രമിച്ചതാണെന്ന് വ്യക്തമായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
