മത്സരം തരൂരും ഖാർഗെയും തമ്മിൽ; ജി-23 നേതാക്കളുടെ പിന്തുണയും ഖാർഗെക്ക്
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പിൽ പ്രധാന സ്ഥാനാർഥികളായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും നാമനിർദേശ പത്രിക സമർപ്പിച്ചു. അവസാന ദിവസമായ ഇന്ന് ഉച്ചയോടെയാണ് ഇരുനേതാക്കളും എ.ഐ.സി.സി തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദൻ മിസ്ത്രിക്ക് പ്രതിക നൽകിയത്.
നെഹ്റു കുടുംബത്തിന്റെയും ഹൈകമാൻഡിന്റെയും ആശിർവാദത്തോടെയാണ് ലോക്സഭ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെ മത്സരത്തിനിറങ്ങുന്നത്. ഇതോടെ ഖാർഗെ ഔദ്യോഗികപക്ഷത്തിന്റെ സ്ഥാനാർഥിയാവും. വിമത ശബ്ദമുയർത്തിയ ജി-23 ഗ്രൂപ്പിലെ പ്രധാന നേതാക്കളുടെ പിന്തുണയും ഖാർഗെക്കാണ്.
ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർഥിയായി മുതിർന്ന നേതാവ് ദിഗ് വിജയ് സിങ് മത്സരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ, അവസാന നിമിഷത്തിലാണ് ദിഗ് വിജയ് സിങ് പിൻമാറിയതും പകരും മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയതും. നേരത്തെ, രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഫ്ലോട്ടായിരുന്നു നെഹ്റു കുടുംബത്തിന്റെ സ്ഥാനാർഥിയായി കരുതിയിരുന്നത്. എന്നാൽ, രാജസ്ഥാൻ മുഖ്യമന്ത്രി പദം സചിൻ പൈലറ്റിന് നൽകുന്നതുമായി ബന്ധപ്പെട്ട് ഗെഹോട്ട് പക്ഷം വിമതസ്വരമുയർത്തിയത് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെയും ബാധിക്കുകയായിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഉയർന്നുകേൾക്കുന്ന പേരാണ് ശശി തരൂരിന്റേത്. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കിൽ താനും മത്സരിക്കാനുണ്ടാകുമെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധി മത്സരിക്കാനുള്ള സാധ്യത പൂർണമായും തള്ളിയതോടെയാണ് ശശി തരൂർ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. എന്നാൽ, വിമതസ്വരമുയർത്തിയ ജി-23 നേതാക്കളുടെ പിന്തുണ ലഭിക്കാത്തത് തരൂരിന് തിരിച്ചടിയാകും.