സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഫുട്ബോൾ ആവേശം വിരുന്നെത്തുന്നു

സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഫുട്ബോൾ ആവേശം വിരുന്നെത്തുന്നു. നിലവിലെ ചാംപ്യന്മാരായ ഗോകുലം എഫ്സി പുതിയ സീസൺ ഐ ലീഗിൽ ആദ്യത്തെ 6 ഹോം മാച്ചുകൾ പയ്യനാട്ട് കളിക്കും. ഈ മാസം 29നു മുഹമ്മദൻസിനെതിരെയായിരിക്കും ആദ്യ മത്സരം.
ഫെഡറേഷൻ കപ്പിനും സന്തോഷ് ട്രോഫിക്കും വേദിയൊരുക്കിയ പയ്യനാട് സ്റ്റേഡിയത്തിൽ ആദ്യമായാണ് ഐ ലീഗ് മത്സരം നടക്കാൻ പോകുന്നത്. കഴിഞ്ഞ മേയിൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിന്റെ മത്സരങ്ങൾക്കു കാണികൾ നിറഞ്ഞൊഴുകിയ പയ്യനാട് സ്റ്റേഡിയം ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.

12 ടീമുകളാണു ഇത്തവണ ഐ ലീഗിലുള്ളത്. ജേതാക്കൾക്ക് അടുത്ത സീസണിലെ ഐഎസ്എലിൽ പ്രവേശനം ലഭിക്കും. 2017ൽ മലപ്പുറം ആസ്ഥാനമാക്കിയാണു ഗോകുലം എഫ്സി ക്ലബ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ജില്ലയിൽ ഐ ലീഗ് നിലവാരമുള്ള സ്റ്റേഡിയം ലഭ്യമല്ലാത്തതിനാൽ ഹോം ഗ്രൗണ്ട് കോഴിക്കോട്ടെ ഇഎംഎസ് സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു.
പയ്യനാടിനു പുറമേ, ഹോം മത്സരങ്ങൾക്ക് ഇത്തവണയും കോഴിക്കോട് വേദിയാകും. ആരാധകർക്കിടയിൽ ‘മലബാറിയൻസ്’ എന്ന് വിളിപ്പേരുള്ള ഗോകുലം ചുരുങ്ങിയ കാലയളവിൽ ഒട്ടേറെ ട്രോഫികൾ നേടിയിട്ടുണ്ട്. രണ്ടു ഐ ലീഗ് കിരീടവും ഡ്യുറാൻഡ് കപ്പും ഇതിനകം ടീം സ്വന്തമാക്കിക്കഴിഞ്ഞു.

ആദ്യമായി ഐ ലീഗ് കിരീടം നിലനിർത്തിയ ടീം, ലീഗ് ചാംപ്യന്മാരായ ആദ്യ കേരള ടീം എന്നീ റെക്കോർഡുകളും ഗോകുലത്തിനു സ്വന്തം. കാൽപ്പന്തുകളിയുടെ ഈറ്റില്ലമായ മലപ്പുറത്ത് മലബാറിയൻസിൻ്റെ മത്സരം കാണാൻ ഫുട്ബോൾ ആരാധകർ ഒഴുകിയെത്തുമെന്ന് തീർച്ച.