ലോകകപ്പിന്‍റെ ഭൂതകാലത്തിലിപ്പോഴും കേള്‍ക്കാം ബെല്‍ജിയത്തിന്‍റെ ആവേശാരവങ്ങള്‍: ബെല്‍ജിയത്തിന്‍റെ കളിയഴക് പങ്കുവച്ച് ഇര്‍ഫാന്‍ പകര

ര്‍മകളിരമ്പുന്നൊരു ലോകകപ്പിന്‍റെ ഭൂതകാലത്തിലിപ്പോഴും കേള്‍ക്കാം ബെല്‍ജിയത്തിന്‍റെ ആവേശാരവങ്ങള്‍. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി ബെല്‍ജിയത്തിന്‍റെ കളിയഴക് വീക്ഷിക്കുകകയാണ് സിറ്റി സ്കാൻ ലേഖകൻ ഇർഫാൻ പകര.

വിജയികളുടെ ചുമലിലേറിയല്ല ബെല്‍ജിയം ഇതുവരെ എത്തിയത്. തോറ്റവന്‍റെ, വഴിയില്‍ വീണുപോയവരുടെ അങ്ങിനെ വിലാപങ്ങള്‍ക്ക് കൂട്ടിരുന്നവരെ മുഴുവന്‍ ഒപ്പം കൂട്ടിയാണ് ബെല്‍ജിയം കാല്‍പന്തുകളിയുടെ ചരിത്രങ്ങള്‍ സൃഷ്ടിച്ചത്. 13 തവണ ലോകകപ്പിലെക്ക് യോഗ്യത നേടിയെന്നത് തന്നെയാണ് ഖത്തറിലെത്തുമ്പോഴും ബെല്‍ജിയത്തെ പ്രിയപ്പെട്ട ടീമായി ഞാന്‍ കണക്കാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്.

2018ലെ ലോകകപ്പ് ഫുട്ബോളില്‍ നിന്ന് ബ്രസീലിനെ പുറത്താക്കി ബെല്‍ജിയം കളിക്കാര്‍ മൈതാനം വിടുന്ന കാഴ്ച്ച ഇപ്പോഴും മറക്കാനാകില്ല. ഒന്നിനെതിരേ രണ്ട് ഗോളിനാണ് ലോകം മുഴുവന്‍ ആരാധകരുള്ള മഞ്ഞപ്പടയെ ബെല്‍ജിയം കീഴടക്കിയത്. കളികാണാനിരുന്ന ഞാനൊഴികെ കൂടെയുണ്ടായിരുന്ന മുഴുവന്‍ സുഹൃത്തുക്കളും ബ്രസീല്‍ ആരാധകര്‍. സ്റ്റേഡിയത്തിനകത്തും പുറത്തും, ഞാന്‍ കളികാണുന്ന മുറിയിലും അടക്കം ബ്രസീലിന് വേണ്ടി പ്രാര്‍ത്ഥനയും പിന്തുണയുമായി ലക്ഷകണക്കിന് ആരാധകരുണ്ടായിരുന്നു.

ഒരോ തവണ ബെല്‍ജിയം താരങ്ങള്‍ അറ്റാക്കിംങ്ങുമായി പകുതിയിലേക്ക് പന്തു പോവുമ്പോഴും അതൊരു ഗോള്‍ ചാന്‍സാകുമെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള പ്രകടനം. ബ്രസീലിന്‍റെ കൗണ്ടര്‍ അറ്റാക്കുകളെ അത്രമേല്‍ മനോഹരമായാണ് ബെല്‍ജിയത്തിന്‍റെ പ്രതിരോധ നിര പ്രതിരോധിച്ചത്. ബെല്‍ജിയത്തിന്റെ രണ്ടാം ഗോളില്‍ കലാശിച്ചതും അങ്ങനെയൊരു കൗണ്ടറായിരുന്നു.

ലുകാകുവും, ഹസാര്‍ഡും, ഡിബ്രുയിനും സാംബ താളം തെറ്റിച്ചെന്നു തന്നെ പറയാം. ബ്രസീലിന്റെ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ലുക്കാക്കു നല്‍കിയ പാസ്സ് പിടിച്ചെടുത്ത് കെവിന്‍ ഡി ബ്രുയിന്‍ ബോക്‌സിലേക്ക് ഓടിക്കയറി വല ചലിപ്പിക്കുമ്പോള്‍ സ്റ്റേഡിയത്തിനകത്ത് അത് വരെ നിശബ്ദരായിരുന്ന ബെല്‍ജിയം ആരാധകരുടെ ആവേശം എവറസ്റ്റിനേക്കാള്‍ ഉയരത്തിലെത്തിയിരുന്നു. കളിയാവേശത്തിന്‍റെ നെറുകയിലെക്ക് ഞാനും അങ്ങിനെ ഓടികയറി.

9 ദശാബ്ദകാലമായി ബെല്‍ജിയം ലോകകപ്പില്‍ മത്സരത്തിനിറങ്ങുന്നുണ്ട്. മനോഹരമായ പാസുകള്‍, അച്ചടക്കമുള്ള കളി. ബെല്‍ജിയത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ മറ്റെന്താണ് വേണ്ടത്. സെമിഫൈനലില്‍ ഫ്രാന്‍സിനോട് പടപൊരുതി തോല്‍ക്കുമ്പോള്‍ നെ‍ഞ്ചിന്‍റെ നെപിപ്പോടിനകത്ത് വേദന കത്തികയറുകയായിരുന്നു.

ഞാനിതുവരെ കണ്ട ബെല്‍ജിയത്തിന്‍റെ കളിയഴകിലെ ഏറ്റവും സുന്ദരമായ 90 നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ബെൽജിയം ഫുട്ബോൾ മാമാങ്കത്തിൽ നിന്നും ഫൈനലെന്ന സ്വപ്നം ബാക്കിയാക്കുകയായിരുന്നു. ഫ്രഞ്ച് പടയുടെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടയെ തകര്‍ക്കാന്‍ ബെല്‍ജിയം മൈതാനത്ത് പോരാടികൊണ്ടെയിരുന്നു.

ബെൽജിയം 3 പേരെ വെച്ചാണ് പ്രതിരോധ കോട്ട കെട്ടിയത്. ഡിബ്രൂഇന് മധ്യ നിര കയ്യാളിയപ്പോൾ ലുക്കാക്കുവും ഹസാർഡും മുന്നേറ്റത്തിൽ പ്രധാന റോൾ വഹിച്ചു . കളി 1-0 നു ജയിച്ചതിനു ഫ്രഞ്ച് നിര അവരുടെ ഗോളിയോടാണ് നന്ദി പറയേണ്ടതെന്ന് തോന്നിപോയി. തന്‍റെ കാല്‍ക്കീഴിലെത്തിയ പന്തുകളെയെല്ലാം ഗോൾ ആക്കിമാറ്റുമെന്നുള്ള തോന്നലുകൾ ജനിപ്പിച്ചുകൊണ്ടു ലുക്കാക്കുവും, ഹസാര്‍ഡും ആവേശം നല്‍കിയ കളികൂടിയായിരുന്നു സെമിഫൈനല്‍.

ലോകകപ്പിലെ പടക്കുതിരകളെന്ന് വിശേഷിപ്പിക്കാവുന്ന ടീമാണ് ബെൽജിയം. കടിഞ്ഞാണില്ലാത്ത കുതിരയുടെ വേഗതയും കരുത്തും ഏത് പ്രതിരോധ നിരയേയും ഭേദിക്കാൻ പ്രാപ്തിയുള്ളകളിക്കാരനാണ് ലുക്കാകു . ജപ്പാനെതിരെ 2 ഗോളുകൾക്ക് പിന്നിട്ടു നിന്നതിന് ശേഷം 3 ഗോളുകളിച്ച് മത്സരത്തിലേക്ക് അവിശ്വസനീയമായി തിരിച്ചു വന്ന ബെൽജിയം ഏറ്റവുമധികം വീറോടെ പോരാടിയ മത്സരം കൂടിയായിരുന്നു സെമിഫനലിലെത്.

സെറ്റ് പീസ് ഗോളുകളെക്കാൾ, അധ്വാനിച്ച് കളിച്ച് ഗോൾ നേടുന്ന രീതിയാണ് ബെൽജിയത്തിന്‍റെത്. ലോകകപ്പില്‍ ലോകം ഒരു പന്തിലെക്ക് ചുരുങ്ങുന്നുവെന്ന പറയാറുണ്ട്, ബെല്‍ജിയത്തിന്‍റെ കാര്യത്തിലും അങ്ങിനെയാണ്. എഴുതിതള്ളിയവരോടാണ് ബെല്‍ജിയത്തിന് പറയാനുള്ളത്. നിങ്ങളുടെ ഹൃദയം വിശ്വമാനവീകതപോലെ വിശാലമാകണം. കളിനിയമങ്ങള്‍ പാലിച്ച് മൈതാനത്ത് മനോഹരമായി പന്തുതട്ടുന്ന, മത്സരിക്കുന്ന, ഫുട്ബോളിനെ സ്നേഹിക്കുന്ന ടീമാണ് ബെല്‍ജിയം. ഖത്തറില്‍ കപ്പുയര്‍ത്താനാകുമെന്ന പ്രതീക്ഷ ബെല്‍ജിയത്തിനുണ്ട്.

മനുഷ്യഹൃദയംതൊട്ട കാല്‍പന്തുകളിയാണ് ബെല്‍ജിയത്തിന്‍റെത്, ഖത്തറിലെ ഇരമ്പുന്ന സ്റ്റേഡിയത്തെ സാക്ഷിയാക്കി മുഴുവന്‍ ആരാധകര്‍ക്കുംവേണ്ടി ഞാന്‍ പറയുന്നു ഇക്കുറി കപ്പ് ബെല്‍ജിയത്തിനുള്ളതാണ്.