സച്ചിൻ ബേബിയ്ക്കും സഞ്ജുവിനും ഫിഫ്റ്റി; കേരളത്തിന് മികച്ച സ്കോർ

ജമ്മു കശ്‌മീരിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 184 റൺസ് നേടി. 32 പന്തുകളിൽ 62 റൺസെടുത്ത മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. സഞ്ജു 56 പന്തിൽ 62 റൺസ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം പുതിയ ഓപ്പണിങ്ങ് ജോഡിയെയാണ് പരീക്ഷിച്ചത്. രോഹൻ കുന്നുമ്മലിനൊപ്പം മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റിംഗിനിറങ്ങി. എന്നാൽ, ആദ്യ പന്തിൽ തന്നെ അസ്ഹറിൻ്റെ കുറ്റി തെറിപ്പിച്ച മുജ്തബ യൂസുഫ് കേരളത്തെ ഞെട്ടിച്ചു. മൂന്നാം നമ്പറിൽ സഞ്ജു ഇറങ്ങി. നേരിട്ട ആദ്യ 6 പന്തിൽ റൺസൊന്നും നേടാതിരുന്ന സഞ്ജു വളരെ സാവധാനത്തിലാണ് ബാറ്റ് വീശിയത്. മറുവശത്ത് സ്കോറിംഗ് ചുമതല ഏറ്റെടുത്ത രോഹൻ കുന്നുമ്മൽ കേരളത്തിൻ്റെ ഇന്നിംഗ്സ് താങ്ങിനിർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയപ്പോൾ സഞ്ജുവിൻ്റെ സംഭാവന 24 പന്തിൽ 19 റൺസായിരുന്നു.

20 പന്തുകളിൽ 29 റൺസെടുത്ത് രോഹൻ മടങ്ങിയതോടെ സച്ചിൻ ബേബി ക്രീസിലെത്തി. കേരളത്തിൻ്റെ ഏറ്റവും മുതിർന്ന രണ്ട് ബാറ്റർമാർ ക്രീസിലുറച്ചു. സഞ്ജു മെല്ലെപ്പോക്ക് തുടർന്നപ്പോൾ സച്ചിൻ ബേബി ജമ്മു കശ്‌മീരി ബൗളർമാരെ കടന്നാക്രമിച്ചു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ താരം ഇതിനിടെ ഫിഫ്റ്റി തികച്ചു. സഞ്ജുവുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 90 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ ശേഷം സച്ചിൻ മടങ്ങി. ഈ കൂട്ടുകെട്ടിൽ സഞ്ജുവിൻ്റെ സംഭാവന 23 പന്തിൽ 25 റൺസ്.

നാലാം നമ്പറിൽ ഇറങ്ങിയ അബ്ദുൽ ബാസിത്തിൻ്റെ കൂറ്റനടികളാണ് കേരളത്തെ കടത്തിയത്. ഉമ്രാൻ മാലിക്ക് എറിഞ്ഞ 19ആം ഓവറിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 21 റൺസാണ് അബ്ദുൽ ബാസിത്ത് അടിച്ചുകൂട്ടിയത്. ഇതിനിടെ സഞ്ജു 50 പന്തിൽ ഫിഫ്റ്റി തികച്ചു. മുജ്തബ യൂസുഫിൻ്റെ അവസാന ഓവറിൽ ഒരു സിക്സറും ബൗണ്ടറിയും സഹിതം സ്കോർ ഉയർത്തിയ താരം ഓവറിലെ നാലാം പന്തിൽ പുറത്തായി. 56 പന്തിൽ 61 റൺസെടുത്തായിരുന്നു സഞ്ജുവിൻ്റെ മടക്കം. അബ്ദുൽ ബാസിത്ത് 11 പന്തിൽ 24 റൺസെടുത്ത് പുറത്താവാതെ നിന്നു.