ട്രൂകോളർ വേണ്ട, വിളിക്കുന്നവരുടെ പേര് സ്ക്രീനിൽ കാണിക്കും; വ്യാജൻമാരെ പിടിക്കാൻ പുതിയ നീക്കവുമായി ട്രായ്

 

കോൾ വരുമ്പോൾ ഫോൺ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കും, പുതിയ നീക്കവുമായി ട്രായ്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോർഡ് അനുസരിച്ചായിരിക്കും പേര് കാണിക്കുക. ദേശീയ മാധ്യമമായ ഫിനാൻഷ്യൽ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇത് സംബന്ധിച്ചുള്ള ട്രായിയുടെ കൺസൾട്ടേഷൻ പേപ്പർ അടുത്ത ആഴ്ച തന്നെ തയാറാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

കെവൈസി അടിസ്ഥാനമാക്കിയുള്ള കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വർധിച്ചുവരുന്ന സ്പാം കോളുകൾ, തട്ടിപ്പുകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് നടപ്പിലാകുമ്പോൾ കോളറിന്റെ പേര് ഫോണിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നവരുടെ പേര് വിവരങ്ങൾ അറിയാൻ കഴിയും. നിലവിൽ, ചില ഉപയോക്താക്കൾ ട്രൂകോളർ പോലുള്ള ആപ്പുകൾ വഴി ഒരു അജ്ഞാത കോളറുടെ ഐഡന്റിറ്റി തിരിച്ചറിയുന്നുണ്ട്. എന്നാൽ, ട്രൂകോളർ പോലുള്ള ആപ്പുകൾക്കും പരിമിതിയുണ്ട്.

 

ആരെങ്കിലും വിളിക്കുമ്പോൾ കോൾ ലഭിക്കുന്നയാളുടെ ഫോൺ സ്‌ക്രീനുകളിൽ പേര് കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടൻ ചര്‍ച്ച നടത്തി റിപ്പോർട്ട് തയാറാക്കിയേക്കും.ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പരിൽ നിന്നു കോൾ വന്നാൽ പേരു ദൃശ്യമാക്കുന്ന ട്രൂകോളർ സ്വകാര്യ ആപ് സേവനം ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്.

 

അതേസമയം, ട്രായിയുടെ പുതിയ സംവിധാനം കെവൈസിയിലെ പേരുകൾ അനുസരിച്ചായിരിക്കും കാണിക്കുക. ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. അതിൽ ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണ് ട്രൂകോളർ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക. ക്രൗഡ് സോഴ്‌സിങ് ഡേറ്റയെ അടിസ്ഥാനമാക്കി കോളർമാരെ തിരിച്ചറിയുന്ന ചില ആപ്പുകളേക്കാൾ കൂടുതൽ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും കെവൈസി പ്രകാരം വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കും.