കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും


ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്  ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിര്‍വഹിച്ചു. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍  ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന്  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.  കര്‍ഷകര്‍ക്ക് വളരെയേറെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ വൈറസ് രോഗം നമ്മുടെ നാട്ടില്‍ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ഷീരകര്‍ഷകരും പൊതുജനങ്ങളും ഈ പരിപാടിയോട് സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുത്തിവെപ്പ് സാമഗ്രികള്‍ പഞ്ചായത്തിലെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പി.കെ.ബൈജുവിന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

മങ്കട ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്   അഡ്വ.അസ്‌കറലി അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍  ഡോ. പി.യു അബ്ദുല്‍ അസീസ് പദ്ധതി വിശദീകരിച്ചു. ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും വീടുകളിലെത്തി കുത്തിവെപ്പു നടത്തുന്നതിനുള്ള സ്‌ക്വാഡുകളെ നിയോഗിച്ചതായും അവരുടെ പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ എട്ട് വരെ 21 ദിവസങ്ങളിലായി നടക്കുന്ന ഈ ദൗത്യംവഴി ജില്ലയിലെ മുഴുവന്‍ കന്നുകാലികള്‍ക്കും കുത്തിവെപ്പ് നടത്തുകയും 2030 നകം ഈ വൈറസിനെ  നിര്‍മാര്‍ജനം ചെയ്യുകയാണ് പദ്ധതി ലക്ഷ്യം.  ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ ചീഫ് വെറ്ററിനറി  ഓഫീസറും  ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്ററുമായ  ഡോ.ജോയ് ജോര്‍ജ് പദ്ധതിയുടെ കാര്യങ്ങള്‍  വിശദീകരിച്ചു.  മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി. അബ്ദുള്‍ കരീം  മുഖ്യാതിഥിയായി. മങ്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മര്‍, ഡെപ്യൂട്ടി  ഡയറക്ടര്‍ ഡോ. കെ.ബി പ്രഭാകരന്‍, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. വി.എസ് സുശാന്ത്, പി.ആര്‍.ഒ ഡോ.ഹാറൂണ്‍ അബ്ദുല്‍ റഷീദ്, പെരിന്തല്‍മണ്ണ താലൂക്ക് കോ ഓര്‍ഡിനേറ്റര്‍ ഡോ.ശിവകുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ.അഞ്ജലി എന്നിവര്‍ സംസാരിച്ചു.