വിലക്ക് വിവാദം ആയതിൽ അതിശയം തോന്നി; താൻ ​ഗൗരവത്തോടെ എടുക്കുന്നില്ലെന്ന് ശശി തരൂർ

വിലക്ക് വിവാദം ആയതിൽ അതിശയം തോന്നിയെന്ന് ശശി തരൂർ. കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയ ശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ല. താൻ അത് സീരിയസ് ആയിട്ട് എടുക്കുന്നില്ല. ഇതേക്കുറിച്ച് എം.കെ.രാഘവൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തരൂർ പറഞ്ഞു.

 

ശശി തരൂരിനെതിരായ വിലക്കിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ , പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, കെ.പി.സി.സി അധ്യക്ഷൻ, രാഹുൽ ഗാന്ധി തുടങ്ങിയവർക്ക് എം.കെ.രാഘവൻ എംപി പരാതി നൽകിയത്. തരൂരിനെ വിലക്കാൻ സമ്മർദപ്പെടുത്തിയതാരെന്ന് കണ്ടെത്തി നടപടി എടുക്കണമെന്ന് എം.കെ.രാഘവൻ ആവശ്യപ്പെട്ടു. തരൂരിന്റെ യോഗങ്ങൾ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയുടെ അതേ ആശയങ്ങൾ മുന്നോട്ട് വയ്ക്കാനാണ്. പരാതി ഓൺലൈൻ മാർഗം കൈമാറും.

 

യൂത്ത് കോൺഗ്രസ് പിന്മാറിയതിനുപിന്നിൽ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്ന് എം.കെ.രാഘവൻ ആവശ്യപ്പെട്ടു. കെപിസിസി അന്വേഷണക്കമ്മിഷനെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിവേദികളിൽ കാര്യങ്ങൾ തുറന്നുപറയും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു.