മെസ്സി മാജിക്, മെക്സിക്കൻ കോട്ട തകര്‍ത്ത് അർജന്റീന (2-0)

 

ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്റീനയുടെ മിന്നും ജയം. 64 ആം മിനിറ്റിൽ മെസിയാണ് മെക്സിക്കൻ വല കുലുക്കിയത്. നേരത്തെ അര്‍ജന്റീനയെ ആദ്യപകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ മെക്‌സിക്കോ പൂട്ടി. അർജന്റീനിയൻ ബോക്സിൽ ആക്രമിച്ച് കളിക്കുന്ന മെക്‌സിക്കോയെയാണ് ആദ്യ പകുതിയിൽ കണ്ടത്. 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് തീതുപ്പുന്നൊരു അംഗുലര്‍ ഷോട്ടിലൂടെ വിജയം അറക്കുട്ടുറപ്പിച്ച് വല കുലുക്കി.

മെസ്സിയുടെ 21-ാം ലോകകപ്പ് മത്സരമാണിത്. ഇതോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്തി മെസി. സ്വപ്നങ്ങള്‍ ചിതറിക്കിടന്ന അതേ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ഇതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഉറച്ചുനിന്ന മെക്സിക്കന്‍ പ്രതിരോധക്കോട്ടയെ രണ്ടു തവണ ഭേദിച്ച് മെസ്സിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.