ജില്ലാ കലോത്സത്തിന് തിങ്കളാഴ്ച തിരൂരിൽ തിരി തെളിയും ; മാസ്ക് നിർബന്ധമാക്കി ജില്ലാ ഭരണകൂടം

ഉദ്ഘാടന സമ്മേളനം വൈകുന്നേരം നാലിന്, മത്സരങ്ങള്‍ രാവിലെ ഒമ്പത് മുതല്‍

 

തിരൂരില്‍ ഡിസംബര്‍ രണ്ട് വരെ അഞ്ച് ദിനങ്ങളിലായി നടക്കുന്ന 33-മത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് തിങ്കളാഴ്ച്ച തുടക്കമാവും. മേള നടക്കുന്ന തിരൂരിൻ്റെ പരിസര പ്രദേശങ്ങളിൽ അഞ്ചാംപനി കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മത്സരവേദികളിൽ ജില്ലാ ഭരണകൂടം മാസ്ക് നിർബന്ധമാക്കി.

പ്രധാന വേദിയായ തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനം കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിശിഷ്ടാതിഥിയാകും. എം.എല്‍.എമാരായ ഡോ. കെ.ടി ജലീല്‍, പി. നന്ദകുമാര്‍, കെ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ്‌കുമാര്‍ 28ന് രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തുന്നതോടെ ഓഫ് സ്റ്റേജ് ഉള്‍പ്പടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വേദി നാലില്‍ ബാന്റ് മേളവും വേദി ആറില്‍ ചെണ്ടമേളവും അരങ്ങേറും. രാവിലെ 11ന് കഥകളി ഗ്രൂപ്പ്, സിംഗിള്‍ മത്സരങ്ങളും വൈകുന്നേരം ആറിന് ചവിട്ടുനാടകം, യക്ഷഗാനം എന്നിവയും വിവിധ വേദികളിലായി നടക്കും. ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്.എസില്‍ 23 ഹാളുകളിലായി രാവിലെ ഒമ്പത് മുതല്‍ ഓഫ്സ്റ്റേജ് മത്സരങ്ങളും നടക്കും. പ്രധാന വേദിയായ തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പടെ 16 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

കലോത്സവത്തിന്റെ റജിസ്ട്രേഷന്‍ തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാളെ (നവംബര്‍ 27) രാവിലെ 11ന് തുടങ്ങും. 17 സബ് ജില്ലയിലെയും മത്സരാര്‍ത്ഥികള്‍ക്കുള്ള പാര്‍ട്ടിസിപ്പന്റ് കാര്‍ഡുകള്‍, വിവിധ സബ് കമ്മറ്റികള്‍ക്കുള്ള ബാഡ്ജുകള്‍ എന്നിവ റജിസ്ട്രേഷന്‍ സമയത്ത് വിതരണം ചെയ്യും. റജിസ്ട്രേഷനു മുമ്പായി മുന്‍വര്‍ഷം കൈപ്പറ്റിയ റോളിങ് ട്രോഫികള്‍ അതത് സബ്ജില്ലാ കണ്‍വീനര്‍മാര്‍ ട്രോഫി കമ്മിറ്റിയെ ഏല്‍പ്പിച്ച് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.