ജില്ലാ കലോത്സവം; തിരൂരിൽ ഗതാഗത നിയന്ത്രണം
തിരൂർ: തിരൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി . നവംബർ 29 മുതല്‍ ഡിസംബര്‍ 2 വരെ ചമ്രവട്ടം പാതയില്‍ ടിപ്പര്‍, ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്ക് നിരോധനം . പൊന്നാനി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കുറ്റിപ്പുറം വഴി ദേശീയപാതയിലേക്ക് കടന്നും, കോഴിക്കോട് ഭാഗത്ത് നിന്ന് ചേളാരിയില്‍ നിന്ന് ചമ്രവട്ടം പാതയിലേക്ക് കടക്കാതെ ദേശീയപാത വഴിയും, ബേപ്പൂരില്‍ നിന്നു വരുന്നവ താനൂര്‍ ബീച്ച് റോഡ് വഴി തീരദേശ പാത വഴിയും കടന്നു പോകണമെന്ന് തിരൂര്‍ ഡിവൈഎസ്പി വിവി ബെന്നി അറിയിച്ചു. മേല്‍പ്പറഞ്ഞ ഭാഗങ്ങളില്‍ പൊലീസ് പരിശോധനയ്ക്കുണ്ടാകും. ജില്ലാ കലോത്സവത്തിന്റെ ഭാഗമായാണു നിയന്ത്രണം. കലോത്സവത്തിന് കുട്ടികളുമായി എത്തുന്ന സ്കൂള്‍ ബസുകള്‍ കുട്ടികളെ വേദിക്കു സമീപം ഇറക്കി തിരൂര്‍ രാജീവ്ഗാന്ധി സ്റ്റേഡിയത്തിനു മുന്‍പില്‍ പ്രത്യേകം സജ്ജമാക്കിയ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തണം. ചെറിയ വാഹനങ്ങള്‍ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന് തയാറാക്കിയിരുന്ന പാര്‍ക്കിങ് ഗ്രൗണ്ടുകളിലും നിര്‍ത്തിയിടണം. ഇരുചക്രവാഹനങ്ങളും മറ്റ് ചെറുവണ്ടികളും ബോയ്സ് സ്കൂളില്‍ നിന്ന് 100 മീറ്റര്‍ അകലെ റോഡരികുകളില്‍ ഗതാഗതതടസമുണ്ടാക്കാതെ നിര്‍ത്താവുന്നതാണ്.
നാളെ ( തിങ്കളാഴ്ച) ഓഫ് സ്റ്റേജ് മത്സരങ്ങൾക്കായി ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലേക്ക് കുട്ടികളുമായി വരുന്ന ചെറിയ (ടു, ത്രീ, ഫോർ വീലർ) വാഹനങ്ങൾ സ്കൂളിന് സമീപമുള്ള ദാറുൽ ഖുർആൻ അക്കാദമി പാർക്കിംഗ് ഗ്രൗണ്ടിലാണ് നിർത്തേണ്ടത്.
ബസ് പോലുള്ള വലിയ വാഹനങ്ങളിൽ വരുന്നവർ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിലും നിർത്തേണ്ടതാണ്.
ഒഫീഷ്യൽസിന്റെ വാഹനങ്ങൾ മാത്രമേ സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.