ടി എം ജിയിൽ അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന് തുടക്കമായി

തിരൂർ: അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി. ഒരുമാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി അന്താരാഷ്ട്ര സെമിനാർ, അൽ ഫുനൂൻ അറബിക് ആർട്സ് ഫസ്റ്റ്, വിവിധ വിഷയങ്ങളിൽ സ്മാരക പ്രഭാഷണങ്ങൾ, വർക്ക് ഷോപ്പുകൾ, അറബിക് ഫിലിം ഫെസ്റ്റ്, മാഗസിൻ പ്രകാശനം, എൻഡോമെന്റ് വിതരണം തുടങ്ങിയവ നടക്കും. അറബിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമെന്നോണം അൽഫുനൂന് അറബിക് ആർട്സ് ഫസ്റ്റ് ലോഗോ പ്രകാശനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ അനിൽകുമാറിന് നൽകി തിരൂർ എംഎൽഎ കുറുക്കോടി മൊയ്തീൻ നിർവഹിച്ചു. അറബിക് വിഭാഗത്തിലെ മൊത്തം വിദ്യാർഥികളെ അൽ അഹ്റാം അൽ ഇതിഹാദ് അൽ ഖലീജ് അൽ വത്വൻ എന്നീ പേരുകളിൽ നാല് ഹൗസുകൾ ആക്കി തിരിച്ചാണ് കലാപരിപാടികൾ നടക്കുന്നത്. കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അറബിക് വിഭാഗം മേധാവി ഡോ. ജാഫർ സ്വാദിഖ് അധ്യക്ഷനായി. പിടിഎ വൈ.പ്രസിഡണ്ട് മുജീബ് വാക്കാട്, ഡോ. ഹിലാൽ കെ എം. ഡോ. അബ്ദുൽ ജലീൽ, പ്രൊഫ.അഹ്മദ് കുട്ടി എന്നിവർ സംസാരിച്ചു. ഡോ. ജാബിർ ഹുദവി സ്വാഗതവും സിറാജ് പി.ടി നന്ദിയും പറഞ്ഞു.