ഈ വർഷം ഗൂഗിളിൽ എറ്റവും കൂടുതൽ ‘തെരഞ്ഞത്’ എന്ത് ? സെർച്ച് ഡേറ്റ പുറത്ത്

സംഭവബഹുല വർഷമായിരുന്നു 2022. റഷ്യ-യുക്രൈൻ യുദ്ധം, പ്രമുഖരുടെ വേർപാട്, ലോകശ്രദ്ധ പിടിച്ചുപറ്റിയ കോടതി കേസുകൾ തുടങ്ങി വാർത്തകളാൽ നിറഞ്ഞതായിരുന്നു കടന്നുപോയ ഓരോ ദിവസവും. ജനങ്ങൾ ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് എന്തൊക്കെ കാര്യങ്ങളാണെന്ന് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ.

യുക്രൈൻ എന്ന വാക്കാണ് വാർത്തകളുടെ കാര്യത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത്. തൊട്ടുപിന്നാലെ എലിസബത്ത് രാജ്ഞിയുടെ വിയോഗവും വരുന്നു. അമേരിക്കൻ മിഡ്-ടേം തെരഞ്ഞെടുപ്പാണ് മൂന്നാം സ്ഥാനത്ത്. 2.04 ബില്യൺ വാഗ്ദാനം ചെയ്യുന്ന അമേരിക്കയിലെ പവർബോൾ ലോട്ടറിയെ കുറിച്ചുള്ള വാർത്ത നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് മങ്കിപോക്‌സും ഇടംപിടിച്ചു.

ഏറ്റവും കൂടുതൽ ‘സെർച്ച്’ ചെയ്യപ്പെട്ട വ്യക്തികളുടെ കണക്കെടുത്താൽ ഒന്നാം സ്ഥാനത്ത് ജോണി ഡെപ്പാണ്. ഓസ്‌കാർ വേദിയിൽ മുഖത്തടിക്ക് പിന്നാലെ വിൽ സ്മിത്തിനെയും ആളുകൾ ഗൂഗിൾ സെർച്ചിലൂടെ ഒരുപാട് തെരഞ്ഞു. മൂന്നാം സ്ഥാനത്ത് ആംബർ ഹേർഡും, നാലാം സ്ഥാനത്ത് വ്‌ളാഡിമർ പുടിനും, അഞ്ചാം സ്ഥാനത്ത് ക്രിസ് റോക്കും ഇടംനേടി.

തോർ: ലവ് ആന്റ് തണ്ടറാണ് ലോകത്ത് എറ്റവും കൂടുതൽ ഗുഗിൾ സെർച്ച് ചെയ്യപ്പെട്ട സിനിമ. പട്ടികയിൽ ബ്ലാക്ക് ആദം രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനക്ക് ടോപ് ഗൺ : മാവറിക്കും, നാലാം സ്ഥാനത്ത് ബാറ്റ്മാനും അഞ്ചാം സ്ഥാനത്ത് എൻകാൻഡോയും ഇടംനേടി.

അന്തരിച്ചവരിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ടത് എലിസബത്ത് രാഞ്ജി തന്നെയാണ്. പിന്നാലെ ബെറ്റി വൈറ്റുമുണ്ട്.

ആഗോളതലത്തിൽ ഏറ്റവും ട്രെൻഡിംഗായ സെർച്ച് ‘വർഡ്‌ലി’ എന്ന വാക്കായിരുന്നു. ഇന്ത്യയിൽ ഐപിഎൽ, കോവിൻ, ഫിഫ ലോകകപ്പ് എന്നിവയാണ് ട്രെൻഡിംഗായത്. ഇതിന് പുറമെ എലിസബത്ത് രാജ്ഞിയുടെ വിയോഗം, ലതാ മംഗേഷ്‌കറുടെ വിയോഗം, സിദ്ധു മൂസെവാല, എന്നിവരെ കുറിച്ചും ഇന്ത്യൻ ജനത വ്യാപകമായി സെർച്ച് ചെയ്തു.