കലാശപ്പോര്: മെസിയും എംബാപ്പെയും നേർക്കുനേർ, പരിശീലനത്തിറങ്ങി ഇരുടീമും
ഫ്രാൻസുമായുള്ള തങ്ങളുടെ നിർണായക ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മുമ്പ് മുഴുവൻ അർജന്റീനിയൻ ടീമും പരിശീലനം നടത്തി. ലുസൈൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരോട് 36 വർഷത്തിനിടെ തങ്ങളുടെ ആദ്യ ലോകകപ്പ് നേടാനുള്ള ശ്രമത്തിലാണ് അർജന്റീന.
എന്നാൽ ഫ്രഞ്ച് ക്യാംപിലെ വൈറസ് ബാധ സ്ഥിരീകരിച്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംസും ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസും.അഞ്ച് താരങ്ങള്‍ക്കാണ് രോഗം. എന്നാല്‍ ആശങ്കകളില്ലെന്ന് പരിശീലകന്‍ പറഞ്ഞു. ഈ ലോകകപ്പിൽ ഇതുവരെ നാലു ഗോളുകൾ നേടിയ സൂപ്പർ താരം ഒലിവർ ജിറൂഡ് ഫൈനലില്‍ ഇറങ്ങില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ താരം പങ്കെടുത്തില്ല.
രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്.
ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നൽകി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്. കേരളത്തിൽ നിന്നും മമ്മൂട്ടി മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും ഫൈനൽ കാണാൻ ഉണ്ടാകും.