ഒരു ദിവസം എത്ര യുപിഐ ഇടപാട് നടത്താം ?

ഗൂഗിൾപേ, ഫോൺ പേ, പെടിഎം എന്നിങ്ങനെ യുപിഐ അധിഷ്ടിത ഓൺലൈൻ ആപ്പുകൾ വന്നതോടെ പണമിടപാട് ഇപ്പോൾ വളരെ അനായാസമായി നടത്താം. ബാങ്കിൽ പോയി തിക്കി തിരക്കണ്ട…കൈയിൽ പണം കരുതുകയും വേണ്ട. അതുകൊണ്ട് കടകളിലെല്ലാം ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് പേയ്‌മെന്റ് നടത്തുന്നതാണ് പുതിയ കാലത്തിന്റെ രീതി. അത് എത്ര കുറഞ്ഞ തുകയാണെങ്കിൽ പോലും !

എന്നാൽ ഒരു ദിവസം എത്ര യുപിഐ ഇടപാടുകൾ നടത്താമെന്ന് അറിയുമോ ? യുപിഐയെ നിയന്ത്രിക്കുന്ന നാഷ്ണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ദിവസേനയുള്ള യുപിഐ പണമിടപാടുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രതിദിനം ഒരു ലക്ഷം രൂപ വരെ മാത്രമേ യുപിഐ വഴി ഇടപാട് നടത്താൻ സാധിക്കൂ. ഇത് എല്ലാ യുപിഐകൾക്കും ബാധകമാണ്.

ഈ തുക ബാങ്കുകൾ അനുസരിച്ച് മാറും. കാനറാ ബാങ്കിന്റെ ഒറ്റ ഇടപാട് പരിധി 10,000 രൂപയാണ്. ദിവസ പരിധി 25,000 രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്കിൽ ഒറ്റ ഇടപാടായി 1 ലക്ഷം രൂപ വരെ മാത്രമെ അയക്കാൻ സാധിക്കുകയുള്ളൂ. ദിനംപ്രതിയുള്ള പരിധിയും 1 ലക്ഷം രൂപയാണ്.

ഇതിന് പുറമെ ദിവസത്തിൽ 20 പണമിടപാട് മാത്രമേ സാധിക്കൂ. എന്നാൽ ചില ബാങ്കുകൾക്ക് പരിധി 8 മുതൽ 10 ഇടപാട് വരെയാണ്.