ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം അനിവാര്യമെന്ന് വനിതാ കമ്മീഷൻ; അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി
ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം അനിവാര്യമാണെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറസ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച പരാതികളാണ് പരിഗണിച്ചവയില്‍ അധികവും. ഭാര്യാ-ഭര്‍ത്തൃ ബന്ധങ്ങളിലെ വിള്ളലുകള്‍ ഏറി വരുന്നതായാണ് ഇത്തരം പരാതികളിലൂടെ മനസിലാകുന്നതെന്നും കമ്മീഷന്‍ പറഞ്ഞു. സ്ത്രീ വിരുദ്ധമായ പ്രവണതകള്‍ സമൂഹത്തില്‍ വ്യാപകമായ സാഹചര്യത്തില്‍ ബോധവത്ക്കരണം ആവശ്യമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ആകെ 51 പരാതികളാണ് പരിഗണിച്ചത്.ആറ് എണ്ണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി. 32 കേസുകള്‍ മാസം 24 ന് നടക്കുന്ന അദാലത്തില്‍ പരിഗണിക്കും.
ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികളും സിവില്‍ സ്വഭാവമുള്ള പരാതികളും ആര്‍ഡിഒ കോടതി പരിഗണിക്കേണ്ട പ്രശ്‌നങ്ങളും കമ്മീഷന് മുന്‍പാകെ ലഭിച്ചു. കമ്മീഷന്റെ അധികാര പരിധിയില്‍ വരാത്തവ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്നും കമ്മീഷന്‍ അറിയിച്ചു. വൃദ്ധജനങ്ങള്‍ക്ക് മക്കളില്‍ നിന്ന് സംരക്ഷണം ലഭിക്കാത്തത് സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചു വരുന്നതില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. മുതിര്‍ന്നവരെ സംരക്ഷിക്കാന്‍ ഇന്നത്തെ സമൂഹം വിമുഖത കാട്ടുന്നുവെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഇത്തരം പ്രശ്നങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തും. സ്ത്രീ സംരക്ഷണത്തിനായി നിയമങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ കൃത്യമായ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ലെന്നും പരാതികാര്‍ക്ക് നീതി ഉറപ്പാക്കുകയാണ് വനിതാ കമ്മീഷന്റെ ലക്ഷ്യമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പരാതികള്‍ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി പരാതികളുടെ തുടക്കത്തില്‍ തന്നെ പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തും.ഇതിനായി ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ട്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതികള്‍ക്ക് കമ്മീഷന്‍ നല്‍കുന്ന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.തദ്ദേശഭരണ വകുപ്പ് മുഖേനെയാണ് അപേക്ഷ സ്വീകരിക്കുക. കൃത്യമായി പരാതികള്‍ കൈകാര്യം ചെയ്യുന്നത്, എത്രത്തോളം പരാതി കൈകാര്യം ചെയ്തു തുടങ്ങിയവ മാനദണ്ഡമാക്കിയാണ് അവാര്‍ഡ്. ജില്ലാ പഞ്ചായത്തു തലത്തിലെ ജാഗ്രതാ സമിതിയാണ് ഇക്കാര്യം പരിശോധിക്കുക. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിങ്ങനെ നാലു തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. വനിതാ ദിനത്തിലാണ് (മാര്‍ച്ച് എട്ട്) അവാര്‍ഡ് നല്‍കുക. കമ്മീഷന്‍ ഡയറക്ടര്‍ പി.രാജീവ് അംഗങ്ങളായ മഹിളാമണി, അഡ്വക്കേറ്റ്മാരായ പി.ഷീന, ബീന, സുകൃതകുമാരി, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍, നിഷ, എസ്.പി.സി. ഒ ഹബീബ തുടങ്ങിയവര്‍ പങ്കെടുത്തു.