കൊവിഡ് വ്യാപനം; ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പുതിയ യാത്രാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

ചൈനയില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്കായി പുതിയ യാത്രാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. നാളെ മുതലാണ് നിബന്ധനകള്‍ ബാധകമാകുക. നാളെ മുതല്‍ ചൈനയില്‍ നിന്ന് ഖത്തറിലേക്കെത്തുന്നവര്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. 48 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റിന്റെ റിസള്‍ട്ടാണ് കാണിക്കേണ്ടത്.

 

വാക്‌സിനേഷന്‍ നില പരിഗണിക്കാതെ ചൈനയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ ബാധകമല്ല. എന്നാല്‍ ഖത്തറില്‍ നിന്നെത്തിയ ശേഷം കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടാല്‍ ക്വാറന്റൈന്‍ പാലിക്കണം. എന്നാല്‍ ഖത്തറിലെ പൗരന്മാരും താമസക്കാരും രാജ്യത്തെത്തുമ്പോള്‍ കൊവിഡ് ടെസ്റ്റ് നടത്തേണ്ടതില്ല.

 

അതേസമയം ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. 72 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ റിസള്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. യാത്ര പുറപ്പെടും മുന്‍പ് നെഗറ്റീവ് റിപ്പോര്‍ട്ട് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.