ഐ.എസ്.ആർ.ഓ ചാരക്കേസ് ഗൂഢാലോചന; 5 പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്

ഐ.എസ്.ആർ. ഓ ചാരക്കേസ് ഗൂഢാലോചനയിലെ 5 പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്. ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്നായിരുന്നു സിബിഐയുടെ വാദം. ചാരക്കേസ് വ്യാജമായി ഉണ്ടാക്കിയതാണ്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായിട്ടാണെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ പങ്കാളിത്തമുണ്ടെന്ന ആരോപണം തെളിവില്ലാതെയാണെന്നാണ് പ്രതികളുടെ വാദം. നമ്പി നാരായണൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ പി.എസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ അടക്കമുള്ളവരാണ് മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുള്ളത്.