സർക്കാർ സമരങ്ങളെ അടിച്ചമർത്തുന്നു; യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ ജയിലിൽ സന്ദർശിച്ച് വി.ഡി സതീശൻ

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ ജയിലിൽ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ സമരങ്ങളെ അടിച്ചമർത്തുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ പോലും കേസെടുക്കുന്നു. സമരങ്ങൾക്കെതിരെ ഒരു ഗവൺമെൻറും ഇങ്ങനെ സമീപനം സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു സമരവും അടിച്ചമർത്താൻ കഴിയില്ല. മുഖ്യമന്ത്രിക്ക് ഭീതിയാണ്. ആര് സമരം ചെയ്താലും തനിക്കെതിരെ എന്ന് തോന്നുന്നു. ചരിത്രത്തിലെ എല്ലാ ഏകാധിപതികൾക്കും ഇതേ തോന്നൽ ഉണ്ടായിരുന്നു. സമരം ചെയ്യുന്നവരെല്ലാം അർബൻ നക്സലേറ്റും മാവോയിസ്റ്റുമെന്നാണ് സർക്കാർ പറയുന്നതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിന് പരുക്കേൽക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിനെ തുടർന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ഇതിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഒന്നാം പ്രതി പി കെ ഫിറോസ് ഇപ്പോഴും ജയിലിലാണ്. ഫിറോസ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നില്ല.