കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കും ഡൽഹിയിലേക്കുമുള്ള എയർ ഇന്ത്യ സർവ്വീസുകൾ നിർത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം

 

കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കും ഡൽഹിയിലേക്കുമുള്ള എയർ ഇന്ത്യ സർവ്വീസുകൾ നിർത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും അടിയന്തരമായി പുനഃസ്ഥാക്കണമെന്നും എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ഡൽഹിയിൽ പോയി എയർ ഇന്ത്യ മാനേജ്മെന്റുമായി സംസാരിക്കുമെന്നും എം.കെ രാഘവൻ പറഞ്ഞു.

മലബാർ ഡെവലപ്മെന്റ് ഫോറം കോഴിക്കോട് ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിൽ നിന്നുള്ള സാധാരണക്കാരായ ബഹുഭൂരിപക്ഷം പ്രവാസികളും ഉപയോഗിക്കുന്ന വിമാനത്താവളമാണ് കോഴിക്കോട്. ലാഭകരമായി പ്രവർത്തിക്കുന്ന കോഴിക്കോട് സെക്ടറിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവക്കുന്നത് യാതൊരു നിലക്കും നീതീകരിക്കാവുന്നതല്ല. ഡോക്ടർ എം.കെ മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ക്ഷേമനിധിയിലെ അപാകതകൾ പരിഹരിക്കുന്നതിന് വേണ്ടി അടുത്ത നിയമസഭാ സമ്മേളനത്തിൽ സബ്മിഷൻ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എംഡിഎഫ് പ്രസിഡന്റ് എസ്.എ അബൂബക്കർ അധ്യക്ഷത വഹിച്ചു. എം.ഡി.എഫ് ചെയർമാൻ യു.എ നസീർ വിഷയാവതരണം നടത്തി.
കരിപ്പൂരിൽ നിന്നും കൂടുതൽ വിമാനങ്ങൾ അനുവദിക്കുക, പ്രവാസി ക്ഷേമനിധിയിലെ അപാകതകൾ പരിഹരിക്കുക, തിരുനാവായ-ഗുരുവായൂർ റെയിൽവെ യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടാണ് എം.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. തുടർന്നു ഡൽഹിയിലും തിരുവനന്തപുരത്തും ഈ ആവശ്യങ്ങൾ നടപ്പിലാക്കി കിട്ടാൻ വേണ്ടി കോഴിക്കോട്ടെ മറ്റു സംഘടനകളുമായി ഒത്തു ചേർന്നു വേണ്ട പരിപാടികൾ ആവിഷ്ക്കരിക്കുമെന്നു എം.ഡി.എഫ് നേതൃത്വം അറിയിച്ചു.

ഗുലാം ഹുസൈൻ കൊളക്കാടൻ,സന്നാഫ് പാലക്കണ്ടി,ഫ്രീഡാ പോൾ,കരീം വളാഞ്ചേരി,നിസ്താർ ചെറുവണ്ണൂർ,കോർപ്പറേഷൻകൗൺസിലർ ശ്രീകല എൻ.കെ റഷീദ് ഉമരി, അബ്ദുൽ അസീസ്, ഉമർ തുറക്കൽ, സുബൈർ കോട്ടക്കൽ, മൊയ്‌ദുപ്പ ഹാജി, വാസൻ കോട്ടക്കൽ, ലുഖ്മാൻ അരീക്കോട്, ഇസ്മയിൽ എടച്ചേരി( ഷാർജ ) എ.അബ്ദുറഹ്മാൻ, എ.ബി ഫ്രാൻസിസ്, റസിയ വെള്ളയിൽ പ്രസംഗിച്ചു. സഹദ് പുറക്കാട് സ്വാഗതവും അശ്റഫ് കളത്തിങ്ങൾപാറ നന്ദിയും പറഞ്ഞു.