കരിയറിലെ അവസാന ടൂർണമെന്റിന് ഒരുങ്ങി സാനിയ മിർസ; ആദ്യ മത്സരം ഇന്ന്

ഐതിഹാസികമായ ടെന്നീസ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന സാനിയ മിർസ അവസാന ടൂർണമെന്റിൽ ഇറങ്ങുന്നു. ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരം മാഡിസൻ കീസിനൊപ്പം സാനിയ ഇന്ന് വനിതാ ഡബിൾസിൽ പങ്കെടുക്കും. ഇന്ന് രാത്രി 7:15ന് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിലാണ് മത്സരം. ടെന്നീസ് ടിവി വെബ്‌സൈറ്റിൽ മത്സരം തത്സമയം കാണാം. റഷ്യയുടെ വെറോണിക്ക കൂടെർമിറ്റോവയും ലുഡ്‌മില സംസോനോവയുമാണ് എതിരാളികൾ.

റഷ്യൻ താരങ്ങളായ വെറോണിക്ക കുഡർമെറ്റോവ-ലിയുഡ്‌മില സാംസോനോവ സഖ്യത്തിന് ഇതുവരെ ഡബിൾസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. ഈ സീസണിൽ ഡബിൾസിൽ ഒരു വിജയം പോലും നേടിയിട്ടില്ല. അതിനാൽ തന്നെ, മികച്ച പ്രകടനത്തോടെ താരത്തിന് കരിയർ അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യയിൽ ടെന്നീസ് എന്ന കായിക രൂപത്തിന് ഒരു അടിത്തറയും ആരാധക വൃന്ദവും സൃഷ്ടിച്ചാണ് സാനിയ തന്റെ റാക്കറ്റ് നിലത്ത് വെക്കാൻ ഒരുങ്ങുന്നത്. കളികളത്തിനകത്തും പുറത്തും നിലപടുകൾ കൊണ്ട് വ്യത്യസ്തയായ സാനിയ ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ടെന്നീസ്കളിക്കുമ്പോഴുള്ള താരത്തിന്റെ വസ്ത്രധാരണം മുതൽ എടുത്ത നിലപാടുകൾ അടക്കം വിവാദങ്ങളിലാണ് അവസാനിച്ചത്.

മനുഷ്യർ എല്ലാവരും വ്യത്യസ്തരാണ്. ഓ രോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ്. ആ വ്യത്യസ്തത മാത്രമേ തനിക്കും ഉള്ളൂ എന്ന് കഴിഞ്ഞ ദിവസം വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സാനിയ വ്യക്തമാക്കിയിരുന്നു. ഞാൻ ഒരു വിമതയോ ട്രെൻഡ് സെറ്ററോ അല്ല, മറിച്ച് തന്നോട് സത്യസന്ധത പുലർത്താനാണ് താൻ ശ്രമിച്ചതെന്ന് സാനിയ പറഞ്ഞു. ദുബായ് ടെന്നീസ് ടൂർണമെന്റോടുകൂടി കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന താരം ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ അടക്കം 43 കിരീടങ്ങൾ നേടിയിട്ടുണ്ട്.