ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി മഅ്ദനി സുപ്രീം കോടതിയിലേക്ക്
ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യത്തി ല്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാണ് സുപ്രീം കോടതിയെ ഉടന്‍ സമീപിക്കുന്നത്.
മൂന്നാഴ്ച മുമ്പ് പക്ഷാഘാത ലക്ഷണങ്ങള്‍ മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്ദനിയെ ബംഗ്ലൂരിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കി. പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകള്‍ക്ക് തളര്‍ച്ച, സംസാരശേഷിക്കുറവ് തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാന്‍ ഉടന്‍ ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിച്ചിരുന്നു.