വനിതാ പ്രീമിയർ ലീഗ്: മുംബൈ ഇന്ത്യൻസിനെ ഹർമൻ തന്നെ നയിക്കും

വനിതാ പ്രീമിയർ ലീഗിൻ്റെ ആദ്യ എഡിഷനിൽ മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ലേലത്തിൽ 1.8 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയ ഹർമൻ തന്നെയാവും ക്യാപ്റ്റനെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയാണ് ഹർമൻ. മാർച്ച് നാലിന് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കും.

150 രാജ്യാന്തര ടി-20കൾ കളിച്ച ഒരേയൊരു താരമാണ് ഹർമൻ. പുരുഷ ടീം ക്യാപ്റ്റൻ രോഹിത് ശർമ 148 ടി-20 മത്സരങ്ങളുമായി രണ്ടാമതുണ്ട്.

സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക. ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും. ഗുജറാത്ത് ജയൻ്റ്സ് ടീം ക്യാപ്റ്റനായി ഓസീസ് താരം ബെത്ത് മൂണിയെ നിയമിച്ചു. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല.

വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.