രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം; ഹൈദരലി ശിഹാബ് തങ്ങൾ ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്

കേരളത്തിന്റെ സാമൂഹ്യ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന ഹൈദരലി തങ്ങൾ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന സൗമ്യമുഖമാണ്.

കഷ്ടതകളിലും യാതനകളിലും ആഘോഷങ്ങളിലുമെല്ലാം സമൂഹത്തോടൊപ്പം ചേര്‍ന്നുനിന്ന പുരുഷായുസിന്റെ പേരാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

അചഞ്ചല തീരുമാനങ്ങളും ഏവർക്കും സ്വീകാര്യമായ പരിഹാരങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ജനമനസുകളിൽ വ്യക്തി മുദ്രപതിപ്പിച്ച ഹൈദരലി തങ്ങളുടെ വിയോഗം ഇന്നും നികത്താനാവാത്ത വിടവാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്ലാത്ത ഒരു വർഷത്തെ, മുസ്‌ലിം ലീഗ് അധ്യക്ഷ സ്ഥാനത്ത് അദ്ദേഹത്തിന്റെ പിൻഗാമിയായ സഹോദരൻ സാദിഖലി ശിഹാബ് തങ്ങൾ ഓർമിച്ചത് ഇങ്ങനെയാണ്.

അടുപ്പമുള്ളവർ സ്നേഹത്തോടെ ‘ആറ്റപ്പൂ’ എന്നു വിളിച്ചിരുന്ന ഹൈദരലി ശിഹാബ് തങ്ങൾ രാഷ്ട്രീയത്തിൽ അമരത്തിലിരിക്കുമ്പോഴും പ്രതിയോഗികൾക്ക് വരെ ആദരണീയനായിരുന്നു. അവസരങ്ങൾ മലർക്കെ തുറക്കെപെട്ടിട്ടും അധികാര രാഷ്ട്രീയത്തിൽ നിന്നും അകന്ന് നിന്ന ജീവിതം. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷം മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃപദവി ഏറ്റെടുത്ത ഹൈദരലി തങ്ങൾ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടാണ് ഈ ലോകത്തോട് വിട പറഞ്ഞത്. സ്‌നേഹവും കാരുണ്യവും മുഖമുദ്രയാക്കിയ ഹൈദരലി ശിഹാബ് തങ്ങൾ വിട പറഞ്ഞ് ഒരാണ്ട് പിന്നിടുമ്പോഴും ആ വിടവ് അവശേഷിക്കുകയാണ്…നികത്താനാകാതെ.