മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ഇതിഹാസവുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വിയോഗത്തിന് 25 വയസ്. ആധുനിക കേരളത്തിന്റെ ഭാവി നിർണയിച്ച ഭരണകർത്താവും സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.എം.എസ്.
മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാവ് , ചരിത്രകാരൻ, സാമൂഹിക പരിഷ്‌കർത്താവ്, ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനി, ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരൻ വിശേഷണങ്ങൾ ഏറെയാണ് ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടെന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒന്നായിരിക്കണം രാഷ്ട്രീയ പ്രവർത്തനമെന്ന് അടിയുറച്ച് വിശ്വസിച്ച നേതാവ്. 1957ൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരത്തിൽ വന്നപ്പോൾ സർക്കാരിനെ നയിച്ചത്ഇഎംഎസ് നമ്പൂതിരിപ്പാട്. കുടിയാന്മാരെ ഒഴിപ്പിക്കലും പടിയിറക്കലും തടയുന്ന ഓർഡിനൻസ് ഇ.എം.എസ് സർക്കാരിന്റെ സംഭാവനയായിരുന്നു.
കേരളത്തിന്റെ ഭാവിയെത്തന്നെ നിർണയിച്ച ദീർഘവീക്ഷണമുള്ള ഒട്ടേറെ നടപടികൾ ഇ.എം.എസ് സർക്കാർ നടപ്പിലാക്കി. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചലനങ്ങളിലും സാമൂഹ്യ മുന്നേറ്റങ്ങളിലും സാംസ്‌കാരിക ഇടപെടലുകളിലും ഇ.എം.എസ്സിന്റെ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ സാഹചര്യത്തെയും വ്യത്യസ്തമായി വ്യാഖ്യാനിക്കാനുള്ള കൗശലവും ധിഷണാശക്തിയുംഒരുപോലെ പ്രകടിപ്പിച്ചു ഇ.എം.എസ്. ആറ് തവണ കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ് രണ്ട് തവണ മുഖ്യമന്ത്രിയും ഒന്നര ദശാബ്ദത്തോളം പ്രതിപക്ഷ നേതാവുമായിരുന്നു. ‘മാർക്‌സിസ്റ്റ് സംവാദത്തിന്റെ’ പത്രാധിപർ, എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ഇ.എം.എസ് നൂറിലധികം പുസ്തകങ്ങൾ എഴുതി. ഇ.എം.എസ്സിന്റെ വിയോഗമുണ്ടാക്കിയ ശൂന്യത ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഇപ്പോഴും പ്രകടമാണ്. വിശേഷിച്ച് സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ