സർക്കാർ ഉത്തരവിൻ്റെ മറവിൽ മലയാള സർവകലാശാല മുറിച്ചു വിറ്റത് 235 മരങ്ങൾ

ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ജലാംശം വലിച്ചെടുക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെ മറ പിടിച്ച് മലയാള സർവകലാശാല മുറിച്ചു മാറ്റിയത് 235 മരങ്ങൾ. ഇതിൻ്റെ രേഖകൾ സിറ്റിസ്കാന് ലഭിച്ചു. അഴിമതിയും സ്വജനപക്ഷപാത ആരോപണവും നിലനിൽക്കുന്ന മലയാള സർവകലാശാലക്കെതിരെ മരം മുറി അഴിമതി കൂടിയാണ് ഉയർന്നിരിക്കുന്നത്.

 

2022 ജൂൺ 20ന് ആണ് സർവകലാശല 235 മരങ്ങൾ മുറിക്കാൻ ലേല പ്രകാരം മുഹമ്മദ് കാസിം എന്ന വ്യക്തിക്ക് അനുമതി നൽകി ഉത്തരവിറക്കിയത്. ആകെ 1,30,500 രൂപയാണ് ഇതിന് വിലയിട്ട് ലേലം നിശ്ചയിച്ചിരുന്നത്. 9 പേർ പങ്കെടുത്ത ലേലത്തിൽ കാസിമിൻ്റേത് ഉയർന്ന തുകയായി കാണിച്ചാണ് കരാർ ഉറപ്പിച്ചത്. അതേ സമയം ലേലത്തിൽ പങ്കെടുത്ത പലർക്കും പണം നൽകി പിൻമാറ്റുകയും കാസിമിനെ സർവകലാശാലയുടെ അറിവോടെ കരാർ നൽകിയെന്നുമാണ് ആരോപണം.

 

10 ലക്ഷത്തിലധികം വിലമതിക്കുന്ന മരങ്ങൾ തുഛം തുകയ്ക്ക് മുറിച്ചുവിൽക്കാൻ കരാർ നൽകിയതിലൂടെ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. സർവകലാശാലക്ക് കിട്ടേണ്ടിയിരുന്ന വലിയൊരു തുകയാണ് ഇതിലൂടെ നഷ്ടം. സർക്കാർ ഉത്തരവ് പ്രകാരം ഒരുമിച്ച് ഇത്രയേറെ മരങ്ങൾ മുറിക്കാൻ പാടില്ലെന്നിരിക്കെയാണ് ഒരു മാസം കൊണ്ട് ടെൻഡറിംഗും മരം മുറിയും കച്ചവടവും തീർത്തത്.

 

കാമ്പസിൽ ശ്രേഷ്ഠ ഭാഷാ പഠന മികവ് കേന്ദ്രം, ക്ലാസ് – ഫാക്കൽറ്റി മുറികൾ എന്നിവ നിർമ്മിക്കുന്നതിനു വേണ്ടിയാണ് മരംമുറിക്കുന്നതെന്ന് സർവകലാശാലാ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ കെട്ടിട നിർമ്മാണത്തിന് ഏതാനും മരങ്ങൾ മാത്രം മുറിച്ചാൽ മതിയെന്നിരിക്കെയാണ് കാമ്പസിനു ചുറ്റുമുള്ള നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയത്. 235 എണ്ണം കണക്കിൽ കാണിച്ചെങ്കിലും, കണക്കിൽപ്പെടാത്തത് വേറെയുമുണ്ട്. വലിയ അക്കേഷ്യയും കാറ്റാടിയും ഉൾപ്പടെയുള്ള മരങ്ങളാണ് മുറിച്ചതിൽ അധികവും. ഇത്രയേറെ മരങ്ങൾ മുറിച്ചത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്ന ആശങ്കയുണ്ട്.

പരിസ്ഥിതി പഠനത്തിൽ എം.എ , എം എസ് സി കോഴ്സുകൾ പഠിപ്പിക്കുന്ന ഡിപാർട്ട്മെൻ്റുള്ള മലയാള സർവകലാശാല തന്നെ വലിയ അഴിമതിക്ക് കൂട്ടുപിടിക്കാൻ പരിസ്ഥിതിയുടെ മേൽ കത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ പരിസ്ഥിതി പഠന ഡിപ്പാർട്ട്മെൻ്റ് സർവകലാശാലാ അധികൃതരോട് പരാതിപ്പെട്ടെങ്കിലും പകരം മരത്തൈ വച്ച് പിടിപ്പിക്കുമെന്നായിരുന്നു മറുപടി. ഇതിനായി നിരവധി ഇനം തൈകൾ കാമ്പസിലെത്തിച്ചെങ്കിലും പേരിനു മാത്രം നട്ട്, ബാക്കിയുള്ളവ ഇന്നും കവർ പൊട്ടിക്കാതെ ഇരിക്കുന്നും.പലതും ഇതിനോടകം ഉണങ്ങിപ്പോയിരിക്കുന്നു.

 

സർക്കാർ ഉത്തരവിൻ്റെ മറപിടിച്ച് വാക്കാട് കാമ്പസിൽ നിന്ന് മാത്രമല്ല, മാങ്ങാട്ടിരിയിലെ പുതിയ ആസ്ഥാന മന്ദിര ഭൂമിയിൽ നിന്നും തകൃതിയായി മരം മുറി നടന്നിട്ടുണ്ട്. നിരവധി ലോഡുകൾ നിറച്ച ലോറികളാണ് ഇക്കാലയളവിൽ കാമ്പസ് വിട്ടത്. നിലവിൽ കാമ്പസ് സ്ഥിതി ചെയ്യുന്നത് തുഞ്ചൻ ഗവ.കോളേജിൻ്റെ ഭൂമിയിലാണ്. എന്നാൽ മരം മുറി സംബന്ധിച്ച് പ്രത്യേക അറിയിപ്പുകളോ വിവരങ്ങളോ ഉണ്ടായിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ അജിത് കുമാർ പറഞ്ഞു. മരംമുറി സംഭവത്തിൽ സർവകലാശാല അധികൃതർ മൗനം തുടരുകയാണ്.