മലയാള സര്‍വകലാശാല ആസ്ഥാന മന്ദിരം എന്ന് യാഥാര്‍ത്ഥ്യമാകും?

മലയാള ഭാഷാ പ്രോത്സാഹനത്തിനായി ഭാഷാ പിതാവിന്റെ പേരില്‍ രൂപം കൊണ്ട തുഞ്ചത്തെഴുത്തഛന്‍ മലയാള സര്‍വകലാശാല സ്ഥാപിതമായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സ്വന്തം ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം ഇന്നും വിദൂരമായി അവശേഷിക്കുന്നു. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും കേരളസംസ്‌കാരത്തിന്റെയും സര്‍വോന്‍മുഖമായ വികസനത്തിനും ആഗോള വ്യാപനത്തിനും പ്രേരകമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട സര്‍വകലാശാല ഭാഷാ പ്രേമികള്‍ക്ക് വാനോളം പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. ശൈശവത്തിലെത്തി നില്‍ക്കുന്ന സര്‍വകലാശാല ഗവേഷണങ്ങളിലും അക്കാഡമിക്ക് സൗകര്യങ്ങളാലും പ്രഗല്‍ഭരായ അധ്യാപകരാലും സമ്പന്നമാണിന്ന്. എന്നാല്‍ ‘നാക്ക്’ (നാഷണല്‍ അസ്സസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നതും പുതിയ ആസ്ഥാന മന്ദിരത്തിനായി ഗവണ്‍മെന്റില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലെന്നതുമാണ് ഏറെ ആശങ്ക.

2012 നവംബര്‍ 1നു അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആണ് മലയാളസര്‍വകലാശാല നാടിന് സമര്‍പ്പിച്ചത്. മുന്‍ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ആദ്യത്തെ വൈസ് ചാന്‍സലറായിരുന്നു. പിന്നീട് 2017 നവംബര്‍ ഒന്നിന് രണ്ടാമത്തെ വൈസ് ചാന്‍സലറായി ഡോ. ഉഷാ ടൈറ്റസ് സ്ഥാനമേറ്റെടുത്തു. 2018 മുതല്‍ വൈസ്ചാന്‍സിലറായിരുന്ന ഡോ. അനില്‍ വള്ളത്തോള്‍ കഴിഞ്ഞ മാസം വിരമിച്ച ശേഷം എംജി സര്‍വകലാശാല വിസിയായ ഡോ.സാബു തോമസ് ആണ് നിലവില്‍ അധിക ചുമതലയോടെ മലയാളം സര്‍വകലാശാല വിസിയായി തുടരുന്നത്.

ഭരണ, അക്കാഡമിക്ക് തലങ്ങളില്‍ മികവു പുലര്‍ത്തിയവര്‍ സര്‍വകലാശാലക്ക് കഴിഞ്ഞ കാലങ്ങളില്‍ നേതൃത്വം നല്‍കി. സംസ്ഥാന ഗവണ്‍മെന്റുകള്‍ മാറി മാറി വന്നു. പക്ഷെ, മാതൃഭാഷാ സര്‍വകലാശാലയ്ക്ക് സ്വന്തമായി കാമ്പസുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഭൂമാഫിയാ ഇടപെടലും അഴിമതി ആരോപണങ്ങളും സമരങ്ങളും പുതിയ ആസ്ഥാന മന്ദിരത്തിന് തുടക്കത്തിലെ കല്ലുകടിയായെന്നതാണ് വസ്തുത.

തിരൂര്‍ വാക്കാട് തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളേജിനോടു ചേര്‍ന്ന കോളേജിന്റെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് സര്‍വകലാശാല താല്‍ക്കാലികമായി തുടക്കം മുതല്‍ പ്രവര്‍ത്തിച്ചു വരുന്നത്. 2012 മുതല്‍ തന്നെ വിവിധ ഇടങ്ങളില്‍ സര്‍വകലാശാലക്കായി ഭൂമി നോക്കിയിരുന്നു. ഒടുവില്‍ തിരൂര്‍ മാങ്ങാട്ടിരിയിലെ 17 ഏക്കര്‍ ഭൂമി കണ്ടെത്തി. കണ്ടെത്തിയ ഭൂമി പ്രകൃതി ലോല പ്രദേശമാണെന്നും ഭൂമി ഇടപാടിനു പിന്നില്‍ രാഷ്ട്രീയ, ഭൂമാഫിയ താല്‍പര്യങ്ങള്‍ ഉണ്ടായെന്നും പിന്നീട് പുറത്ത് വന്നു. ഇത് ഏറെ രാഷ്ട്രീയ സമരങ്ങളിലേക്കും നിയമ പോരാട്ടങ്ങളിലേക്കും വരെ എത്തിച്ചു. സര്‍വകലാശാലക്കു വേണ്ടി ഏറ്റെടുത്ത ഭൂമിക്കു പിന്നിലെ ഇടത് നേതാക്കളുടെയും ബന്ധുക്കളുടെയും ഇടപെടല്‍ വ്യക്തമായതോടെ യു.ഡി.എഫ് പരസ്യ സമരവുമായി രംഗത്തെത്തിയിരുന്നു. ഒടുവില്‍ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് പ്രസ്തുത ഭൂമിയിലെ 12 ഏക്കര്‍ സ്ഥലത്ത് സ്വന്തം കെട്ടിടം പണിയാന്‍ തീരുമാനമായത്. ഇതിന്റെ ശിലാസ്ഥാപനം 2021 ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തറക്കല്ലിട്ട് ഒന്നര വര്‍ഷമായിട്ടും ഇവിടെ നിര്‍മ്മാണം നടത്താന്‍ സര്‍വകലാശാലക്ക് സാധിച്ചിട്ടില്ല.

പുതിയ ആസ്ഥാന മന്ദിരത്തിനായി നിലവിലുള്ള ഗവണ്‍മെന്റ് വേണ്ട നടപടികള്‍ കൈകൊള്ളുന്നില്ലെന്നത് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ആശങ്കയുണ്ടാക്കുന്നു. 138 കോടി രൂപയുടെ ഡി.പി.ആര്‍ (ഡീറ്റൈല്‍ പ്ലാന്‍ റപ്പോര്‍ട്ട്) സര്‍വകലാശാല ഗവണ്‍മെന്റിന് സമര്‍പ്പിച്ചെങ്കിലും ഇതിന്മേല്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ തീരുമാനം കൈകൊണ്ടിട്ടില്ല. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ലൈബ്രറി കെട്ടിടം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്ലാനാണ് ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാറും മലയാള സര്‍വകലാശാലയുടെ ആവശ്യം വേണ്ടവിധം ഗൗനിച്ചില്ല. കഴിഞ്ഞ ഗവണ്‍മെന്റില്‍ ജില്ലയില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ഉണ്ടായിട്ടും നാടയില്‍ കുരുങ്ങിയ സര്‍വകലാശാലയെ മോചിപ്പിക്കാന്‍ സാധിച്ചില്ല. ബജറ്റുകളില്‍ സര്‍വകലാശാലക്ക് കോടികള്‍ വകയിരുത്താറുണ്ടെങ്കിലും ആവശ്യങ്ങള്‍ക്ക് ഫണ്ടില്ലെന്നതാണ് വസ്തുത. ഇതുമൂലം പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ഫണ്ടിന്റെ അപര്യാപ്തത സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നതായും പുതിയ ആസ്ഥാന മന്ദിരത്തിനായി ഡിപിആര്‍ സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണെന്നും പുതുതയാ ചുമതലയേറ്റ വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസ് പറഞ്ഞു.