വീണ്ടും കൊവിഡ് പടരുന്നു; ഏപ്രിൽ 10, 11 തീയതികളിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്തുമെന്ന് കേന്ദ്ര സർക്കാർ

കൊവിഡ് വീണ്ടും പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 10, 11 തീയതികളിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്തും. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനാണ് മോക് ഡ്രിൽ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്. 1590 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 146 ദിവസത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയിരത്തിന് മുകളിലേക്ക് കൊവിഡ് കണക്കുകൾ ഉയരുന്നുണ്ട്. നിലവിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8601 ആയി ഉയർന്നിട്ടുണ്ട്.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതിൽ തന്നെ ചില സാമ്പിളുകളിൽ പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയിരുന്നു.

ചില സംസ്ഥാനങ്ങൾ പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യത്ത് പരിശോധനകൾ ശക്തമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.