കോഴി പക്ഷിയാണോ മൃഗമാണോ ? ചോദ്യമുന്നയിച്ച് ഹൈക്കോടതി; കോഴിക്കടകളിൽ അറവ് പാടില്ലെന്ന് പൊതുതാത്പര്യ ഹർജി
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന വാദപ്രതിവാദങ്ങൾക്ക് പിന്നാലെ ഇപ്പോഴിതാ മറ്റൊരു ആശയക്കുഴപ്പം ഉടലെടുത്തിരിക്കുന്നു. കോഴി പക്ഷിയാണോ മൃഗമാണോ എന്നാണ് ഗുജറാത്ത് ഹൈക്കോടതി ഉന്നയിച്ച ചോദ്യം. കോഴിയെ കോഴിയിറച്ചിക്കടകളിൽ അറക്കാതെ അറവുശാലകളിൽ അറക്കണമെന്നാണ് ഗുജറാത്ത് ഹൈക്കോടതിക്ക് മുന്നിലെത്തിയ ഹർജി.
അനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാ സംഘുമാണ് ഹൈക്കോടതിയെ പൊതുതാത്പര്യ ഹർജിയുമായി സമീപിച്ചത്. കോഴിക്കടകൾ നിരോധിക്കണമെന്നും കോഴികളെ അറവുശാലകളിൽ വേണം അറക്കാനെന്നുമായിരുന്നു എൻജിഒകളുടെ വാദം. കോഴിക്കടകൾ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് ആക്ടും പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് ആക്ടും ലംഘിക്കുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്. നിയമം പ്രകാരം മനുഷ്യനല്ലാത്ത ബാക്കിയെല്ലാ ജീവജാലങ്ങളും മൃഗമാണെന്നും അതുകൊണ്ട് തന്നെ കോഴിയെ ഇറച്ചിക്കടകളിൽ അല്ല അറവുശാലകളിലാണ് മുറിക്കേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
‘ പക്ഷികളെ അറവുശാലയിലേക്ക് അയക്കേണ്ടതില്ല. കോഴിയെ മൃഗമായി കണക്കാക്കാൻ സാധിക്കുമോ ?’- ഹൈക്കോടതി ചോദിച്ചു. പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് ആക്ട് പ്രകാരം മനുഷ്യനല്ലാത്ത മറ്റെല്ലാ ജീവജാലങ്ങളേയും നിർവചിക്കുന്നത് മൃഗം എന്നാണെന്ന് വാദിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ മീനിന്റെ കാര്യമോയെന്ന് കോടതി തിരിച്ച് ചോദിച്ചു. ജനുവരിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഫുഡ് ആന്റ് ഡ്രഗ് കമ്മീഷ്ണർക്കും, സംസ്ഥാന സർക്കാരിനും, അനിമൽ ഹസ്ബൻഡറി ഡയറക്ടർക്കും ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് അശുതോഷ് ശാസ്ത്രിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചു.
സൂറത്ത് നഗരസഭാ പരിധിയിലുള്ള നിരവധി കോഴിക്കടകളാണ് അധികൃതർ അടപ്പിച്ചത്. കോഴികളെ അറവുശാലയിലേ അറക്കാൻ പാടുള്ളു എന്ന് കാണിച്ചായിരുന്നു നടപടി. ഹർജിയിലെ വിധി തങ്ങൾക്ക് അനുകൂലമാകുമോ എന്നാണ് കടക്കാർ ഉറ്റുനോക്കുന്നത്.