‘മാപ്പ് പറയില്ല, പത്ത് ശതമാനം ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നു’; മാനനഷ്ടക്കേസിന് മറുപടിയുമായി സ്വപ്ന
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മാനനഷ്ട നോട്ടീസിന് മറുപടി നൽകി സ്വപ്നാ സുരേഷ്. മാപ്പ് പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്വപ്നാ സുരേഷിന്റെ മറുപടി കത്ത്. പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നു എന്ന് കത്തിലൂടെ സ്വപ്ന സൂചിപ്പിച്ചു.
ആരാണ് എം വി ഗോവിന്ദനെന്നോ പാർട്ടി പദവിയെന്തെന്നോ മുമ്പ് അറിയുമായിരുന്നില്ല എന്ന് മറുപടി കത്തിലൂടെയും സ്വപ്ന ആവർത്തിക്കുന്നു. അതിനാൽത്തന്നെ സമൂഹത്തിൽ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനിൽക്കില്ല. വിജേഷ് പിള്ളയെ എം വി ഗോവിന്ദൻ അയച്ചു എന്ന് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിട്ടില്ല. തന്നെ എം വി ഗോവിന്ദൻ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞുവെന്നാണ് താൻ പറഞ്ഞത്. അതിനാൽ എം വി ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമാണെന്നാണ് സ്വപ്ന വാദിക്കുന്നത്. ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നൽകില്ലെന്നും കത്തിൽ സ്വപ്ന സുരേഷ് പറഞ്ഞു.
വിജേഷ് പിള്ളയെ തനിക്ക് പരിചയമില്ലെന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്നയുടെ ആരോപണം. കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതായി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.