ഒരുമയുടെ സന്ദേശമാണ് സമൂഹ നോമ്പ് തുറകള്‍ പകര്‍ന്നു നല്‍കുന്നത്; മുനവ്വറലി ശിഹാബ് തങ്ങള്‍
ബഹ്റൈനിലെ പ്രവാസികള്‍ക്കായി ഏറ്റവും വലിയ ഇഫ്താര്‍ വിരുന്നൊരുക്കി കെഎംസിസി ബഹ്റൈന്‍ ചരിത്രം സൃഷ്ടിച്ചു. ആറായിരത്തില്‍ അധികം പേര്‍ പങ്കെടുത്ത ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വെറുപ്പും ശത്രുതയും പ്രചരിപ്പിച്ചു സമൂഹത്തില്‍ ഭിന്നിപ്പ് വിതക്കുന്നവര്‍ക്കെതിരെ ഒരുമയുടെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങളാണ് ഇത്തരം സമൂഹ നോമ്പ് തുറകള്‍ പകര്‍ന്നു നല്‍കുന്നതെന്നു മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നാട്ടില്‍ മുസ്ലിം ലീഗും ഗള്‍ഫ് നാടുകളില്‍ കെഎംസിയും മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. നിര്‍ധനരെയും പ്രയാസപ്പെടുന്നവരെയും മത,രാഷ്ട്ര ഭേദമന്യേ ചേര്‍ത്ത് പിടിക്കാന്‍ പുണ്യ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് പരിപാടി നടത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തവും പരിപാടിയില്‍ ശ്രദ്ധേയമായി. ബഹ്‌റൈനിലെ മലയാളി കൂട്ടായ്മകളുടെ ഭാരവാഹികള്‍ക്ക് പുറമെ ബിസിനസ് രംഗത്തെ പ്രമുഖരും മീഡിയ പ്രതിനിധികളും സന്നിഹിതരായിരുന്നു.
കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഇഫ്താര്‍ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. ക്യാപിറ്റല്‍ ഗവര്‍ണറേറ് ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോള്ളോഅപ്പര്‍ അഹ്മദ് ലോറി സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദീന്‍ തങ്ങള്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ചെയര്‍മാന്‍ മുജീബ് അടാട്ടില്‍ എന്നിവര്‍ സംസാരിച്ചു. സുഹൈല്‍ മേലടി ഖിറാഅത് നിര്‍വഹിച്ചു.
അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പിന്റെയും അലി വെന്‍ചറിന്റെയും സഹകരണത്തോടെ ഒരുക്കിയ ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാമികവു കൊണ്ടും ശ്രദ്ധേയമായി. കെഎംസിസി പ്രവര്‍ത്തകരെ കൂടാതെ ജാതി മത ഭേദമന്യേ നിരവധിപേര്‍ ഇഫ്താറിന്റെ ഭാഗമായതോടെ സംഗമം സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കുന്നവേദി കൂടിയായി.
ഗ്രാന്‍ഡ് ഇഫ്താര്‍ പ്രോഗ്രാമിന് ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്റ്റുമാരായ ശംസുദ്ധീന്‍ വെള്ളികുളങ്ങര, ഗഫൂര്‍ കൈപ്പമംഗലം, ഷാഫി പാറക്കട്ട, എ. പി. ഫൈസല്‍, സലീം തളങ്കര, ടിപ്പ് ടോപ്പ് ഉസ്മാന്‍ സെക്രട്ടറിമാരായ ഒ കെ കാസിം, കെ. കെ. സി. മുനീര്‍, അസ്ലം വടകര, എം. എ. റഹ്മാന്‍, ശരീഫ് വില്യപ്പള്ളി,നിസാര്‍ ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും വളണ്ടിയര്‍മാരും അടുക്കും ചിട്ടയുമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇഫ്താര്‍ സംഗമത്തെ മികവുറ്റതാക്കി.കെഎംസിസി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി കെ. പി. മുസ്തഫ നന്ദിയും പറഞ്ഞു.