നൂറ് ദിന കർമ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേത് 35 പദ്ധതികൾ :മന്ത്രി വി ശിവൻകുട്ടി

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 100 ദിന കര്‍മ്മ പദ്ധതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റേതായി ഉള്‍പ്പെടുത്തിയിട്ടുള്ളത് 35 പദ്ധതികള്‍.

 

48,009 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഇതില്‍ 10 പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞതായും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

ഗണിതം, സയന്‍സ് മുതലായ വിഷയങ്ങളില്‍ നൂതനങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ശിശു സൗഹൃദ ഗണിത ശാസ്ത്ര പഠനം പദ്ധതിയിലൂടെ തുടക്കം കുറിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.കെ., എസ്.സി.ഇ.ആര്‍.ടി., തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിവിധ ഏജന്‍സികള്‍, കെ.ഡിസ്‌ക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

 

തിരുവനന്തപുരം ജില്ലയില്‍ മൈല്‍ഡ് കാറ്റഗറിയില്‍പ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് പ്രതീക്ഷാ സംഗമം പദ്ധതിയിലൂടെ അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. അതിലേക്കായി ഡി.വി.ആര്‍ കോഴ്സ് പൂര്‍ത്തീകരിച്ച ടീച്ചര്‍ ട്രെയിനീസ് വഴി സര്‍വ്വേ നടത്തി തൊഴില്‍ ദാതാക്കളേയും അനുയോജ്യമായ തൊഴിലും കണ്ടെത്തും.

 

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും (ഗവണ്മെന്‍റ്/എയിഡഡ്) നിന്നുമുള്ള കത്തിടപാടുകള്‍ പൂര്‍ണമായും ഇ-തപാല്‍ മുഖേന ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള ഇ-തപാല്‍ അറ്റ് സ്‌കൂള്‍സ് പദ്ധതിയുടെ പൈലറ്റ് പ്രോജക്‌ട് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ കീഴില്‍ വരുന്ന ഹൈസ്‌കൂളിലും, സൗത്ത്, നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ കീഴിലുള്ള എല്‍.പി, യു.പി സ്‌കൂളുകളിലും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

ഓട്ടിസവുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഓട്ടിസം എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആയതിനുള്ള പുതിയ അദ്ധ്യാപന രീതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും സര്‍വ്വ ശിക്ഷാ കേരളയുടെ കീഴില്‍ പദ്ധതികള്‍ നടപ്പിലാക്കും. എല്‍.പി./യു.പി. വിഭാഗത്തിലെ നവാഗതരായ അധ്യാപകര്‍ക്ക് 10 ദിവസം നീണ്ടുനില്‍ക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലനം സംഘടിപ്പിക്കും. പൗരധ്വനി പദ്ധതിയിലൂടെ കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ശാസ്ത്രാവബോധം, സ്വതന്ത്രചിന്ത, മതേതര കാഴ്ചപ്പാട്, ജനാധിപത്യ ബോധം, അവകാശ ബോധം, ഭരണഘടനാ കാഴ്ചപ്പാടുകള്‍ തുടങ്ങിയ മൂല്യങ്ങള്‍ വ്യക്തികളില്‍ എത്തിക്കാന്‍ ലക്ഷ്യമിടും, ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മാനുവല്‍ പദ്ധതിയിലൂടെ ഭിന്ന ശേഷി സൗഹൃദമായ കായിക മത്സരങ്ങള്‍ നടത്തും.

 

കൈറ്റിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ജേര്‍ണലിസം (മോജോ) മാതൃകയില്‍ വിദ്യാഭ്യാസ ഉള്ളടക്ക നിര്‍മ്മാണത്തിനുള്ള പുതിയ സ്റ്റുഡിയോ എറണാകുളത്ത് സ്ഥാപിക്കല്‍, കുട്ടികളുടെ ഹാജര്‍ നില, പഠന പുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനുമുള്ള സമ്ബൂര്‍ണ പ്ലസ് മൊബൈല്‍ ആപ് സജ്ജമാക്കല്‍, സാമൂഹികമായും സാമ്ബത്തികമായും പിന്നാക്കം നില്‍ക്കുന്ന പ്ലസ് വണില്‍ പഠിക്കുന്ന 25 കുട്ടികളെ വീതം 14 ജില്ലയില്‍ നിന്നും കണ്ടെത്തി സ്‌കഫോള്‍ഡ് എന്ന പേരില്‍ രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കല്‍, പഠന താത്പര്യവും, ബൗദ്ധിക നിലവാരവും ഉണ്ടായിട്ടും തീവ്രമായ ചലന പരിമിതി കൊണ്ട് മാത്രം വിദ്യാലയ അനുഭവം ലഭിക്കാതെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്ലാസ് മുറി ഒരുക്കക, കിഫ്ബിയുടെ ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന എഴുപത്തി നാല് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം തുടങ്ങിയവയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് 100 ദിനകര്‍മ്മപദ്ധിയിലൂടെ ഇനി നടപ്പിലാക്കുന്നത്.

 

പുതിയ അദ്ധ്യയനവര്‍ഷത്തിലേക്കുള്ള പാഠപുസ്തക അച്ചടി, വിതരണ ഉദ്ഘാടനം , ഭിന്നശേഷി കുട്ടികളുടെ സാമൂഹിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായുള്ള ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം, ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ ഗ്രാന്റ് ഫിനാലെ തുടങ്ങിയവ ഇതിനോടകം പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളാണ്.