Fincat

മകനെ ജാമ്യത്തിലെടുക്കാൻ സ്റ്റേഷനിലെത്തിയ മാതാവിനെതിരെ സിഐയുടെ പരാക്രമം

മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ സർക്കിൾ ഇൻസ്പെക്ടറുടെ പരാക്രമം. കണ്ണൂർ ധർമ്മടം സി.ഐ, കെ വി സ്മിതേഷിനെതിരെയാണ് പരാതി. വയോധിക എത്തിയ കാറിൻ്റെ ക്ലാസ് അടിച്ചു തകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാതി അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.

 

കണ്ണൂർ ധർമ്മടം പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. വാഹന യാത്രക്കിടെ അപകടമുണ്ടാക്കിയതിനാണ് എടക്കാട് സ്വദേശി അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജാമ്യത്തിലിറക്കുന്നതിനായാണ് അമ്മയും സഹോദരനും സ്റ്റേഷനിൽ എത്തിയത്. കാര്യമായ പ്രകോപനമൊന്നുമില്ലാതെ ഇവർക്കെതിരെ സിഐ, കെ വി സ്മിതേഷിൻ്റെ അസഭ്യവർഷം.

 

കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തുവെന്നും വയോധികയെ തള്ളിയിട്ടതായും ആരോപണം. സ്റ്റേഷനിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്മിതേഷ് വഴങ്ങുന്നില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തം.

 

നിലത്തുവീണ സ്ത്രീയെ എടുത്തുകൊണ്ടു പോകാൻ പൊലീസ് ഉദ്യോഗസ്ഥൻ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഹൃദ്രോഗിയെന്നു പറഞ്ഞിട്ടും പൊലീസുകാരൻ വഴങ്ങിയില്ല. മദ്യ ലഹരിയിലായിരുന്നു പരാക്രമമെന്നാണ് സംശയിക്കുന്നത്. പരാതി പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.